
ന്യൂയോർക്ക്: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി അജ്ഞാത സ്ത്രീയുടെ കത്തിക്കുത്ത്. യാതൊരു പ്രകോപനവുമില്ലാതെ തെരുവിൽ വെച്ച് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ ന്യൂയോർക്ക് സിറ്റി പോലീസ് (NYPD) വെടിവെച്ചുകൊന്നു. കുത്തേറ്റവരിൽ മുപ്പത്തിരണ്ടുകാരിയായ യുവതി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടൈംസ് സ്ക്വയറിലെ 41-ാം സ്ട്രീറ്റിന് സമീപമാണ് സംഭവം. വെറും 20 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പ്രതി രണ്ടുപേരെയും ആക്രമിച്ചതെന്ന് എൻ.വൈ.പി.ഡി കമ്മീഷണർ ജെസീക്ക ടിഷ് അറിയിച്ചു. സബ്‌വേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ഭാര്യയോടൊപ്പം റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുകയായിരുന്ന 68 വയസ്സുകാരനാണ് ആദ്യം കുത്തേറ്റത്. ബാഗിൽ നിന്ന് രണ്ട് മൂർച്ചയേറിയ കത്തികൾ പുറത്തെടുത്ത പ്രതി ഇയാളുടെ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് അടുത്ത സ്ട്രീറ്റിലേക്ക് ഓടിക്കയറിയ അക്രമി, അവിടെയുണ്ടായിരുന്ന യുവതിയെയും സമാനമായ രീതിയിൽ വയറ്റിൽ കുത്തിവീഴ്ത്തി.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വളഞ്ഞു. നാല് മിനിറ്റോളം കത്തി താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. “ഞാൻ കത്തി താഴെയിടില്ല, നിങ്ങളെ കൊലപ്പെടുത്തും” എന്ന് പോലീസിന് നേരെ ആക്രോശിച്ചുകൊണ്ട് അക്രമി മുന്നോട്ട് നീങ്ങിയതോടെയാണ് പോലീസ് വെടിയുതിർത്തത്.
ക്വീൻസ് സ്വദേശിയായ പമേല സിസ്‌നെറോസ് (49) ആണ് കൊല്ലപ്പെട്ട പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക് മുൻപ് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി രേഖകളുണ്ട്. സംഭവം ഭീകരാക്രമണമല്ലെന്നും, പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.
സമയബന്ധിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥരെ ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി അഭിനന്ദിച്ചു. സംഭവത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങൾ ഉടൻ തന്നെ പൊതുജനങ്ങൾക്കായി പുറത്തുവിടുമെന്നും മേയർ വ്യക്തമാക്കി.
2 stabbed, 1 fatally, in an unprovoked’ attack in Times Square












