അർക്കൻസാസ് സർവകലാശാലാ ഫാക്കൽറ്റി സപ്പോർട്ട് സെന്റർ കോ-ഡയറക്ടറായി മലയാളി ശാസ്ത്രജ്ഞൻ രൂപേഷ് കാര്യാട്ട് ചുമതലയേറ്റു

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ അർക്കൻസാസ് സർവകലാശാലയുടെ ‘വാലി കോർഡസ് ടീച്ചിംഗ് ആൻഡ് ഫാക്കൽറ്റി സപ്പോർട്ട് സെന്റർ’ കോ-ഡയറക്ടറായി ഇന്ത്യൻ വംശജനായ മലയാളി ശാസ്ത്രജ്ഞൻ പ്രൊഫ. രൂപേഷ് കാര്യാട്ടിനെ നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലാണ് നിയമനം. നിലവിലെ കോ-ഡയറക്ടർമാരായ എഡ്വേർഡ് ഹോളണ്ട്, ആയിഷ ഗാൽബ്രൈത്ത് എന്നിവർക്കൊപ്പം അദ്ദേഹം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കാലാവധി പൂർത്തിയാക്കിയ ഹോപ്പ് ബല്ലാന്റൈന് പകരമാണ് രൂപേഷ് ചുമതലയേൽക്കുന്നത്.

അധ്യാപകരുടെ പ്രൊഫഷണൽ വികസനം, ക്ലാസ് റൂം നവീകരണം, വിദ്യാർത്ഥികളുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ട് 1992-ൽ സ്ഥാപിതമായതാണ് ഈ കേന്ദ്രം. സർവകലാശാലയിലെ എൻടോമോളജി ആൻഡ് പ്ലാന്റ് പതോളജി വിഭാഗം പ്രൊഫസറായ രൂപേഷ്, ക്ലൈഡ് എച്ച്. സൈറ്റ്സ് പ്രൊഫസർഷിപ്പ് പദവിയും വഹിക്കുന്നുണ്ട്.

കേരള കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ സയൻസിൽ ബിരുദം നേടിയ ശേഷമാണ് രൂപേഷ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. വ്യോമിംഗ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും, പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്ലാന്റ് ബയോളജിയിൽ പിഎച്ച്ഡിയും നേടി. സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ഇടിഎച്ച് സൂറിച്ചിൽ നിന്നുൾപ്പെടെ പോസ്റ്റ്-ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

മികച്ച അധ്യാപനത്തിനും ഗവേഷണത്തിനുമായി എൻടോമോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ പുരസ്കാരം (2024), ഔട്ട്സ്റ്റാൻഡിംഗ് ഫാക്കൽറ്റി മെന്റർ അവാർഡ് (2026) ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അധ്യാപന രംഗത്തെ മികവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ഫാക്കൽറ്റി അംഗങ്ങൾക്കിടയിലെ സഹകരണം ശക്തമാക്കാനാണ് പുതിയ പദവിയിലൂടെ ലക്ഷ്യമിടുന്നതെന്ന് രൂപേഷ് കാര്യാട്ട് വ്യക്തമാക്കി.

Malayali scientist Rupesh Kariyatt takes charge as co-director of the University of Arkansas Faculty Support Center

More Stories from this section

family-dental
witywide