ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമുദ്രസുരക്ഷാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പേർഷ്യൻ ഉൾക്കടൽ, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ കപ്പലുകളിലുമുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ‘സീഫാരർ ഫസ്റ്റ്’ (Seafarer-First) എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കപ്പൽ ഏത് രാജ്യത്തിന്റെ പതാകയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നത് പരിഗണിക്കാതെ എല്ലാ ഇന്ത്യൻ നാവികരുടെയും വിവരങ്ങൾ നിരീക്ഷിക്കുന്ന സംവിധാനമാണ് നടപ്പാക്കുക. ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികനായ റോഹൻ കുമാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
കേന്ദ്ര തുറമുഖ, കപ്പൽഗതാഗത, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. സമുദ്രത്തിലിരിക്കുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ സമഗ്രമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS)-ന് ഓരോ കപ്പലും പ്രത്യേകം നിരീക്ഷിക്കുന്ന ഡിജിറ്റൽ ഡാഷ്ബോർഡ് ഒരുക്കാൻ നിർദേശം നൽകി. പേർഷ്യൻ ഉൾക്കടൽ, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ കപ്പലുകളിലുമുള്ള ഇന്ത്യൻ നാവികരുടെ വിവരങ്ങൾ ഈ സംവിധാനത്തിൽ തത്സമയം ലഭ്യമാകും.
കപ്പലിന്റെ നിലവിലെ സ്ഥാനം, ഉടമസ്ഥാവകാശം, ചരക്ക്, ജീവനക്കാരുടെ എണ്ണം, ഇന്ത്യൻ നാവികരുടെ ക്ഷേമം, സുരക്ഷാ ഭീഷണി, യാത്രയുടെ ലക്ഷ്യം, അടുത്ത തുറമുഖം, ലഭ്യമായ സഹായസൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. ഹോർമുസ് കടലിടുക്കിൽ എം.ടി. അൽ ബഹിയ, എം.ടി. മൊംബാസ എന്നീ രണ്ട് ചരക്കുകപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. 46 ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു. എം.ടി. അൽ ബഹിയയിലെ ഇന്ത്യൻ നാവികൻ റോഹൻ കുമാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. എം.ടി. മൊംബാസയിലുണ്ടായ ആക്രമണത്തിൽ ഒമ്പത് ഇന്ത്യക്കാർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നാവികസേന, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, ഇറാനിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ, മറ്റ് സമുദ്രസുരക്ഷാ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി. പ്രതിസന്ധി നേരിടുന്നതിനായി കപ്പലുകളുടെ തത്സമയ നിരീക്ഷണം ശക്തമാക്കാനും, ആക്രമണത്തിൽപ്പെട്ട ഓരോ ഇന്ത്യൻ നാവികർക്കുമായി പ്രത്യേക ലെയ്സൺ ഓഫീസറെ നിയമിക്കാനും, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, ഇന്ത്യൻ നാവികസേന, ഡി.ജി.എസ്., വിദേശത്തെ ഇന്ത്യൻ മിഷനുകൾ എന്നിവ തമ്മിൽ 24 മണിക്കൂറും ഏകോപനം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
സിവിലിയൻ ചരക്കുകപ്പലുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ അപലപിച്ച സോനോവാൾ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ നാവികർക്കും സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പറഞ്ഞു.”ആഗോള വിതരണ ശൃംഖലയുടെ സുഗമമായ പ്രവർത്തനത്തിന് നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ നാവികർക്കെതിരായ ഇത്തരം ആക്രമണങ്ങൾ തികച്ചും ഉത്തരവാദിത്വമില്ലാത്തതും അപലപനീയവുമാണ്. മരിച്ച നാവികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ സർക്കാർ പങ്കുചേരുന്നുവെന്നും ഓരോ ഇന്ത്യൻ നാവികന്റെയും കുടുംബത്തിനൊപ്പവും സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ബാധിച്ച ഓരോ ഇന്ത്യൻ നാവികന്റെയും കുടുംബവുമായി നിരന്തര ബന്ധം പുലർത്താനും ആവശ്യമായ സഹായം ഉറപ്പാക്കാനും പ്രത്യേക ലെയ്സൺ ഓഫീസർമാരെ നിയമിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
India to account for each seafarer irrespective of vessel flag: Govt’s big announcement after sailor killed in Hormuz









