ട്രംപിൻ്റെ വൈറ്റ് ഹൗസ് ബാൾറൂം പദ്ധതിക്ക് തിരിച്ചടി; നിർമ്മാണം യുഎസ് അപ്പീൽ കോടതി തടഞ്ഞു, വിധി രാഷ്ട്രീയപ്രേരിതമെന്ന് ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ 400 മില്യൺ ഡോളർ (ഏകദേശം 297 മില്യൺ പൗണ്ട്) ചെലവിൽ കൂറ്റൻ ബാൾറൂം നിർമ്മിക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിവാദ പദ്ധതിക്ക് യുഎസ് ഫെഡറൽ അപ്പീൽ കോടതിയുടെ താൽക്കാലിക വിലക്ക്. കോൺഗ്രസിൻ്റെ (യുഎസ് പാർലമെൻ്റ്) അനുമതിയില്ലാതെ നിർമ്മാണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങളും പാർലമെൻ്റും തമ്മിലുള്ള നിയമപോരാട്ടം ഇനി സുപ്രീം കോടതിയിലേക്ക് നീങ്ങും.

“ഒരു വലിയ ബാൾറൂം നിർമ്മിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണ്, അല്ലാതെ അത് എക്സിക്യൂട്ടീവിൻ്റെ സ്വയംഭരണപരമായ തീരുമാനമല്ല,” എന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനൽ 2-1 എന്ന ഭൂരിപക്ഷത്തിൽ പ്രസ്താവിച്ചു. “ഓരോ പ്രസിഡൻ്റും വൈറ്റ് ഹൗസിൻ്റെ താൽക്കാലിക താമസക്കാർ മാത്രമാണ്, ഉടമകളല്ല. അമേരിക്കൻ ജനതയ്ക്കായി പരിപാലിക്കുന്ന ഈ ചരിത്ര സ്മാരകത്തിന്മേൽ പ്രസിഡൻ്റിന് ഭരണഘടനാപരമായ യാതൊരു അധികാരവുമില്ല,” എന്നും കോടതി വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു.

പദ്ധതിക്കായി വൈറ്റ് ഹൗസിൻ്റെ ചരിത്രപ്രസിദ്ധമായ ‘ഈസ്റ്റ് വിംഗ്’ കഴിഞ്ഞ ഒക്ടോബറിൽ ട്രംപ് ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. ഇതിനെതിരെ ‘നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ’ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഭൂമിക്ക് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് കോടതി തടഞ്ഞത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനായി വിധി നടപ്പാക്കുന്നത് 14 ദിവസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്.

കോടതി വിധി രാഷ്ട്രീയപ്രേരിതമെന്ന് ട്രംപ്

കോടതി ഉത്തരവ് ഭയങ്കരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. വിധി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൈന്യവും രഹസ്യവിവര വിഭാഗവും കരുതുന്നതായി ട്രംപ് അവകാശപ്പെട്ടു. വിദേശ ഭരണാധികാരികളുടെ സന്ദർശന വേളകളിലും വലിയ ഔദ്യോഗിക വിരുന്നുകൾക്കും പുതിയ ബാൾറൂം അത്യാവശ്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ഏപ്രിലിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വധശ്രമത്തിന് ശേഷം ഈ സുരക്ഷാ സമുച്ചയത്തിൻ്റെ ആവശ്യകതയേറിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സ്വകാര്യ ദാതാക്കളുടെ സഹായത്തോടെയാണ് നിർമ്മാണമെന്നും നിശ്ചയിച്ച ബജറ്റിലും സമയത്തിലും മുന്നേയാണ് പണി പുരോഗമിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയെങ്കിലും, സുരക്ഷാ നവീകരണത്തിനായി നികുതിപ്പണത്തിൽ നിന്നും തുക വകമാറ്റാൻ റിപ്പബ്ലിക്കന്മാർ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.

വൈറ്റ് ഹൗസിൻ്റെ 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഘടനാപരമായ മാറ്റത്തിനാണ് ഈ പദ്ധതിയിലൂടെ ട്രംപ് തുടക്കമിട്ടത്. എന്നാൽ ‘ഈസ്റ്റ് വിംഗ്’ പൊളിച്ചതുമുതൽ പദ്ധതി കടുത്ത നിയമക്കുരുക്കിലാണ്. കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് ഹർജിക്കാരായ നാഷണൽ ട്രസ്റ്റ് ഭാരവാഹികൾ പ്രതികരിച്ചു.

Trump’s White House ballroom project suffers setback; US appeals court blocks construction, Trump says ruling is politically motivated

More Stories from this section

family-dental
witywide