ട്രംപ് ഭരണകൂടത്തിൽ വീണ്ടും രാജി; തുളസി ഗബ്ബാർഡ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു

വാഷിംഗ്ടൺ: യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് തൻ്റെ പദവി രാജിവെക്കുന്നു. ഭർത്താവ് അബ്രഹാം വില്യംസിന് അടുത്തിടെ അസ്ഥിയിലെ അർബുദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഭരണകൂടത്തിലെ അതീവ സുപ്രധാനമായ ഈ പദവിയിൽ നിന്നുള്ള തുളസിയുടെ നാടകീയ പിന്മാറ്റം. ജൂൺ 30 മുതൽ രാജി പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

“എല്ലാ പ്രതിസന്ധികളിലും ഭർത്താവിൻ്റെ സ്നേഹവും കരുത്തുമാണ് എനിക്ക് തുണയായത്. വരും മാസങ്ങളിൽ അദ്ദേഹം വലിയ ആരോഗ്യ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, ഇത്രയും സമയവും അധ്വാനവും ആവശ്യമുള്ള ഒരു പദവിയിലിരുന്ന് അദ്ദേഹത്തെ ഈ പോരാട്ടത്തിൽ തനിച്ചാക്കാൻ എൻ്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല,” തുളസി ഗബ്ബാർഡ് തൻ്റെ രാജിപത്രത്തിൽ കുറിച്ചു. തുളസി മികച്ച രീതിയിലാണ് ജോലി ചെയ്തതെന്നും ഈ കഠിനമായ സാഹചര്യത്തിൽ ഭർത്താവിനൊപ്പം ആയിരിക്കാനുള്ള അവരുടെ തീരുമാനം തികച്ചും ശരിയാണെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. നിലവിലെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായ ആരോൺ ലൂക്കാസിനാണ് താൽക്കാലിക ഡയറക്ടറുടെ ചുമതല.

2024-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിൻ്റെ ശക്തയായ അനുയായിയായിരുന്ന തുളസി. 2025-ൽ ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതോടെയാണ് ഇവർ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലപ്പത്ത് എത്തുന്നത്. അതേസമയം, ഈ വർഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് പുറത്തുപോകുന്ന നാലാമത്തെ കാബിനറ്റ് അംഗമാണ് തുളസി. നേരത്തെ ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമർ, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരും പദവികൾ ഒഴിഞ്ഞിരുന്നു.

വിദേശ യുദ്ധങ്ങളിൽ അമേരിക്ക ഇടപെടുന്നതിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന നിലപാടുകാരിയാണ് തുളസി. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിൽ തുളസിക്ക് ഭരണകൂടവുമായി നയപരമായ വിയോജിപ്പുകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് തുളസിയുടെ മുഖ്യ സഹായിയായ ജോ കെൻ്റ് രണ്ട് മാസം മുമ്പ് പദവി ഒഴിഞ്ഞിരുന്നു.

ഇറാൻ്റെ ആണവശേഷിയെക്കുറിച്ച് വൈറ്റ് ഹൗസിൻ്റെ അവകാശവാദങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കണ്ടെത്തലുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെച്ചൊല്ലി കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ തുളസിക്ക് കടുത്ത ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇറാൻ നിലവിൽ ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നില്ലെന്ന തുളസിയുടെ മുൻ പ്രസ്താവനയെ ട്രംപ് പരസ്യമായി തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആഭ്യന്തര നയരൂപീകരണത്തിൽ ഭിന്നതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഭർത്താവിൻ്റെ രോഗവിവരം ചൂണ്ടിക്കാട്ടിയുള്ള തുളസിയുടെ ഔദ്യോഗിക പടിയിറക്കം.

Another resignation in the Trump administration; Tulsi Gabbard steps down as Director of National Intelligence

More Stories from this section

family-dental
witywide