
ന്യൂയോർക്ക്: മാൻഹാട്ടനിലെ ജനവാസ മേഖലയായ അപ്പർ വെസ്റ്റ് സൈഡിൽ പകൽവെളിച്ചത്തിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് പ്രതി വംശീയ അധിക്ഷേപം നടത്തിയതായും മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും വിവരമുള്ളതിനാൽ, ഇത് വംശീയ വെറുപ്പ് മൂലമുള്ള കുറ്റകൃത്യമാണോ എന്ന് ന്യൂയോർക്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടുക്കുന്ന ഈ സംഭവം നടന്നത്. 51 വയസ്സുകാരനായ റൗൾ മൊറാലസ് എന്നയാളാണ് പൊലീസിൻ്റെ പിടിയിലായത്. വെസ്റ്റ് 84-ാം സ്ട്രീറ്റിന് സമീപം വച്ച് 57 വയസ്സുള്ള ഏഷ്യൻ വംശജനാണ് ആദ്യം കുത്തേറ്റത്. ഇയാളുടെ വയറിനാണ് പരിക്കേറ്റത്. തൊട്ടടുത്തായി വെസ്റ്റ് 86-ാം സ്ട്രീറ്റിൽ വച്ച് 50 വയസ്സുള്ള ജൂത വംശജനെ പ്രതി രണ്ടാമത് ആക്രമിച്ചു.
ആക്രമണം നടത്തുന്ന സമയത്ത് പ്രതി “അല്ലാഹു അക്ബർ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതായി ഇരകളും ദൃക്‌സാക്ഷികളും മൊഴി നൽകിയതായി ന്യൂയോർക്ക് പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും അപകടനില തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന് മിനിറ്റുകൾക്കകം തന്നെ വെസ്റ്റ് 88-ാം സ്ട്രീറ്റിൽ വെച്ച് പ്രതിയെ പൊലീസ് വളഞ്ഞുപിടികൂടുകയായിരുന്നു. പ്രതിക്ക് ഇരകളായ രണ്ടുപേരുമായും യാതൊരുവിധ മുൻപരിചയവുമില്ല. ഇരകൾ തമ്മിലും പരസ്പരം ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിക്ക് മുൻപ് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് റെക്കോർഡുകളിൽ ഇല്ലെങ്കിലും, ഈ ആക്രമണത്തിന് പിന്നിൽ മാനസികാസ്വാസ്ഥ്യം ഒരു കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താൻ ഡിറ്റക്ടീവുമാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Two people stabbed in New York: Suspected racially motivated attack, suspect in custody















