ടെക്സസിലെ ഡാലസിന് വടക്കുഭാഗത്തുള്ള കരോൾട്ടണിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ രണ്ട് വെടിവെപ്പുകളിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ പ്രതിയാണ് രണ്ട് സ്ഥലങ്ങളിലും വെടിവെപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
69 വയസ്സുള്ള സ്യൂങ് ഹോ ഹാൻ എന്നയാളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആദ്യ സംഭവം രാവിലെ 10 മണിയോടെയാണ്. കരോൾട്ടണിലെ കെ ടൗൺ പ്ലാസയിലായിരുന്നു ആക്രമണം. വെടിവെപ്പിൽ ഒരാൾ സ്ഥലത്തുവെച്ച് മരിച്ചു. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റു. ഇവർ ബിസിനസ് മീറ്റിംഗിനായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ, രാവിലെ 11.15ഓടെ സമീപത്തെ ഒൾഡ് ഡെന്റൺ റോഡിലെ ഒരു അപ്പാർട്ട്മെന്റിൽ രണ്ടാമത്തെ വെടിവെപ്പും റിപ്പോർട്ട് ചെയ്തു. അവിടെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം “സങ്കീർണ്ണമാണ്” എന്ന് കരോൾട്ടൺ പോലീസ് മേധാവി റോബർട്ടോ അറഡോണ്ടോ പറഞ്ഞു. കെ ടൗൺ പ്ലാസയും സമീപത്തെ കൊറിയാടൗൺ മേഖലയുമുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പോലീസ് അന്വേഷണം നടത്തി.
ഇപ്പോൾ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും, ഇത് യാദൃശ്ചിക ആക്രമണമല്ലെന്നും പോലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കങ്ങളാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രതി പറഞ്ഞത്. ഇരകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Two people were killed and another three were injured in two shootings on Tuesday morning carried out by the same assailant.














