മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ, മുറിയിൽ നടന്നു തുടങ്ങി; കാൻസ‌‌ർ പടർന്നോയെന്നറിയാൻ തുടർ പരിശോധനകൾ

റോം: ശ്വാസകോശ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ ലിയോ പതിനാലാമന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ആരോ​ഗ്യനില പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയിൽ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് വിജയകരമായി നീക്കം ചെയ്തിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ ബാധ സ്ഥിരീകരിച്ചത്. പുതിയ ആരോഗ്യ അപ്ഡേറ്റുകൾ പ്രകാരം, ബുധനാഴ്ച രാവിലെ മാർപാപ്പ രക്തപരിശോധനയ്ക്കും ചെസ്റ്റ് എക്സ്-റേയ്ക്കും വിധേയനായി. ഫലങ്ങൾ സാധാരണ നിലയിലാണെന്നും, ശ്വസന സംബന്ധമായ ഫിസിയോതെറാപ്പിക്ക് ശേഷം അദ്ദേഹം മുറിയിൽ നടന്നു തുടങ്ങിയതായും ഡോക്ടർമാരായ ലൂയിജി കാർബോണും പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറയും അറിയിച്ചു. അദ്ദേഹം ഭക്ഷണവും കഴിച്ചുതുടങ്ങിയിട്ടുണ്ട്.

കാൻസർ പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഡോക്ടർമാർ കൂടുതൽ പരിശോധനകൾക്ക് കാത്തിരിക്കുകയാണ്. ഒക്ടോബർ 20 വരെ അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിശ്വാസികൾ മാർപാപ്പയുടെ പൂർണ്ണ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ ഒപ്പമുണ്ട്.

More Stories from this section

family-dental
witywide