ജർമനിയിൽ ഫ്ലാറ്റിൽ തീപിടിത്തം, 2 മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; തീയിട്ടതെന്ന സംശയത്തിൽ റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ

ജർമനിയിലെ ബോഷം നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികളായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചു. ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ 26 വയസ്സുള്ള ഒരു ഇന്ത്യൻ യുവാവും കൊല്ലപ്പെട്ടിട്ടുണ്ട്. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മനിക്ക് പോയത്. ബോഷമിലെ ഹോഫ്സ്റ്റെഡെ ഏരിയയിലുള്ള അപ്പാർട്മെന്റിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ പുക ശ്വസിച്ച് പരിക്കേറ്റ അഞ്ചുപേരെ ബോഷമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെട്ടിടത്തിലെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് മൂന്ന് ഇന്ത്യക്കാരെയും മരിച്ചനിലയിൽ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. കോണിപ്പടിയിലൂടെ തീ പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടർന്നുപിടിച്ചതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. ഇതുമൂലം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് അപ്പാർട്ട്മെന്റുകളിലേക്ക് പ്രവേശിക്കാനും മുകളിലത്തെ നിലകളിലുള്ള താമസക്കാരിലേക്ക് എത്താനും സാധിച്ചില്ല. സംഭവത്തിൽ പരിക്കേറ്റവരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഫ്ലാറ്റിന് ആരോ തീയിട്ടതാണെന്ന ശക്തമായ സംശയം ഉയർന്നതിനെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തീ മനഃപൂർവം കൊളുത്തിയതാണോ അതോ അബദ്ധത്തിൽ ഉണ്ടായതാണോ എന്ന കാര്യത്തിൽ കസ്റ്റഡിയിലുള്ള റൊമാനിയൻ പൗരനെ വിശദമായി ചോദ്യം ചെയ്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്.

3 Indians Including 2 Malayali Women Killed in Germany Flat Fire; Romanian National Detained

More Stories from this section

family-dental
witywide