സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ അത് തടയാൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെടുന്നത് രാജ്യം മുഴുവൻ കണ്ടതാണെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ചിറ്റോർഗഡിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
വന്ദേമാതരം അപൂർണ്ണമായി അവസാനിപ്പിക്കാൻ എങ്ങനെ സാധിക്കുമെന്നും സോണിയ ഗാന്ധി ചെയ്ത ഈ തെറ്റിന് രാജ്യത്തെ 140 കോടി ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ലെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് വന്ദേമാതരത്തെ അവഗണിച്ചതെന്നും, ലജ്ജയുടെ അംശം ബാക്കിയുണ്ടെങ്കിൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനശ്വര ആത്മാവിനോടും ജനങ്ങളോടും കൈകൂപ്പി മാപ്പുപറയാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും പൂർണ്ണമായി ആലപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആലാപനം തടയാൻ സോണിയ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ശ്രമിച്ചെങ്കിലും പുറത്തുനിന്നെത്തിയ ഗായകസംഘം ഗാനം പാടി പൂർത്തിയാക്കുകയായിരുന്നു. അതേസമയം, ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം കോൺഗ്രസ് തള്ളിക്കളഞ്ഞു.
Amit Shah attacks Sonia Gandhi over Vande Mataram controversy










