ലബനനെ വിറപ്പിച്ച് ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ളയുടെ പ്രധാന കമാൻഡറും ബറ്റാലിയൻ തലവനും കൊല്ലപ്പെട്ടു

തെക്കൻ ലബനനിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലാ കൊല്ലപ്പെട്ടു. മേഖലയിൽ ഇസ്രയേൽ സൈന്യത്തിനെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പ്രധാന നേതാവാണ് അലാ. ആക്രമണത്തിൽ ഹിസ്ബുള്ളയിലെ ബറ്റാലിയൻ കമാൻഡറായ അലി സമീർ അൽ-ഹാജ് ഹസനും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ ലബനനിലെ അൻസാർ പ്രദേശത്തുള്ള ഹിസ്ബുള്ള മിലിട്ടറി ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രയേൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇസ്രയേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം, കൊല്ലപ്പെട്ട ഹസന്റെ കുടുംബാംഗങ്ങൾ പരിസരത്തുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഐഡിഎഫും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച് ഹിസ്ബുള്ള സൈനിക താവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേലിനെതിരെ കുറ്റാരോപണം ഉന്നയിക്കാൻ ബോധപൂർവം ഇത്തരം തന്ത്രങ്ങൾ മെനയുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.

അതിർത്തി മേഖലകളിൽ ഇസ്രയേൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഗാസ തീരത്ത് ചെറുബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഹമാസ് പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇസ്രയേൽ നാവികസേന ‘അയൺ വാൾ’ എന്ന പേരിൽ പുതിയ തീരദേശ പ്രതിരോധ സംവിധാനം ഏർപ്പെടുത്തി. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം 11 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

Israeli airstrike in Southern Lebanon kills senior Hezbollah commander and battalion chief

More Stories from this section

family-dental
witywide