ജോർജ് കുര്യന് രാജ്യസഭ സീറ്റില്ല, കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്? പുനസംഘടന ഉടൻ, സുരേഷ് ഗോപി തുടർന്നേക്കും, സദാനന്ദൻ മാസ്റ്റർക്കും അനിൻ ആന്‍റണിക്കും സാധ്യത

രാജ്യത്ത് ഉടൻ തന്നെ കേന്ദ്രമന്ത്രിസഭാ പുനസംഘടനയും ബിജെപി സംഘടനയ്ക്കുള്ളിൽ വലിയ അഴിച്ചുപണിയും ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് പദവി നഷ്ടമായേക്കും. ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ജോർജ് കുര്യന്റെ പേര് ഒഴിവാക്കപ്പെട്ടു. കേന്ദ്രമന്ത്രിയായി തുടരുന്നതിന് പാർലമെന്റ് അംഗത്വം അനിവാര്യമായിരിക്കെ, സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജോർജ് കുര്യൻ കേന്ദ്രമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. മന്ത്രിസ്ഥാനം ഒഴിഞ്ഞാലും അദ്ദേഹത്തിന് ബിജെപിയിൽ പ്രധാനപ്പെട്ട സംഘടനാ പദവി നൽകാനുള്ള സാധ്യതയുണ്ട്.

അടുത്ത വർഷം ഉത്തർപ്രദേശ്, ഗുജറാത്ത്, മണിപ്പൂർ, ഗോവ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വം ഈ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം പന്ത്രണ്ടോളം കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും ഉൾപ്പെടെ അഞ്ച് പേർ മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്നുമാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. പരീക്ഷാ നടത്തിപ്പിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പദവിയിലും മാറ്റമുണ്ടായേക്കും. നിർമ്മലാ സീതാരാമൻ അടക്കമുള്ള മുതിർന്ന മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

കേരളത്തിൽ നിന്ന് നിലവിൽ കേന്ദ്രമന്ത്രിസഭയിലുള്ളവരിൽ തൃശൂരിൽ നിന്നുള്ള ലോക്സഭാംഗമായ സുരേഷ് ഗോപി മന്ത്രിയായി തുടരുമെന്നാണ് വിവരം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് പരിപാടികൾ വിചാരിച്ചത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തൽ ജോർജ് കുര്യന് തിരിച്ചടിയായി. കുര്യന് പകരം കേരളത്തിൽ നിന്ന് ആര് മന്ത്രിസഭയിലെത്തുമെന്ന ചർച്ചകൾ ഇപ്പോൾ സജീവമാണ്. നിലവിൽ രാജ്യസഭാംഗമായ സദാനന്ദൻ മാസ്റ്റർ കേന്ദ്രമന്ത്രിയാകുമെന്ന സൂചനകളാണ് ശക്തം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പുകഴ്ത്തിയിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണയും പരിഗണനയിലുണ്ടായിരുന്ന അനിൽ ആന്റണിയുടെ പേരും ഇത്തവണ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

മന്ത്രിസഭാ പുനസംഘടനയ്ക്കൊപ്പം ബിജെപിയുടെ കേരള ഘടകത്തിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന് ദേശീയതലത്തിൽ പ്രധാന ചുമതല നൽകുമെന്നാണ് വിവരം. അതോടൊപ്പം കേരളത്തിന്റെ പ്രഭാരി സ്ഥാനത്തുനിന്ന് പ്രകാശ് ജാവ്ദേക്കർ മാറിയേക്കുമെന്നും സൂചനകളുണ്ട്. ബിജെപിയുടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ച് കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും ആരൊക്കെ പുറത്തുപോകുമെന്നും ആർക്കൊക്കെ പുതിയ ചുമതലകൾ ലഭിക്കുമെന്നും വരുംദിവസങ്ങളിൽ വ്യക്തമാകും.

Union Cabinet expansion expected soon; George Kurian may step down as BJP denies Rajya Sabha seat

More Stories from this section

family-dental
witywide