ഡാളസ്: അമേരിക്കയിലെ ഡാളസിലുള്ള ഡീപ് എല്ലം മേഖലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നിടങ്ങളിലായുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് പ്രദേശം നടുങ്ങിയ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തെ തുടർന്ന് ഡാളസ് പോലീസ് ഡീപ് എല്ലം മേഖല പൂർണ്ണമായി അടച്ചുപൂട്ടി പരിശോധന നടത്തി.
മേഖലയിലെ ഒരു കൺവീനിയൻസ് സ്റ്റോറിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തർക്കത്തെ തുടർന്ന് അഞ്ച് പേർക്ക് വെടിയേറ്റതാണ് ആദ്യ സംഭവം. ഇതിനുപിന്നാലെ തൊട്ടടുത്തുള്ള കൊമേഴ്‌സ് സ്ട്രീറ്റിൽ വീണ്ടും വെടിവെപ്പുണ്ടാകുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ഇതിന് മിനിറ്റുകൾക്കകം എൽമ് സ്ട്രീറ്റിന്റെ 2600 ബ്ലോക്കിലുണ്ടായ മൂന്നാമത്തെ വെടിവെപ്പിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാൾ ഏത് വെടിവെപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണെന്നും കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഡാളസ് പോലീസ് ചീഫ് ഡാനിയൽ കൊമൗസ് അറിയിച്ചു. ആറു മാസം മുൻപ് പ്രദേശത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പിന് പിന്നാലെയാണ് ഡീപ് എല്ലമിൽ വീണ്ടും അക്രമം ആവർത്തിക്കുന്നത്.
4 killed, 15 wounded in trio of shootings in Deep Ellum, Dallas Police say














