ഒറ്റയടിക്ക് ടിക്കറ്റ് നിരക്ക് കൂട്ടിയത് 20 ശതമാനം വരെ; ഇറാൻ യുദ്ധം വിമാനയാത്രയെ ബാധിക്കുന്നു; യുണൈറ്റഡ് എയർലൈൻസിന്റെ ഇരുട്ടടി

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്നത് ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ധനച്ചെലവ് ഇരട്ടിയായി വർദ്ധിച്ചതോടെ വിമാനക്കമ്പനികൾ ഈ അധികഭാരം യാത്രക്കാരിലേക്ക് കൈമാറുകയാണ്. എന്നാൽ നിരക്ക് വർദ്ധനവിലും വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന വേനൽക്കാല യാത്രാ സീസണിൽ ടിക്കറ്റ് നിരക്ക് 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചതായി യുണൈറ്റഡ് എയർലൈൻസ് സിഇഒ സ്കോട്ട് കിർബി വ്യക്തമാക്കി.

യുദ്ധത്തിന് മുൻപുള്ള സാഹചര്യത്തേക്കാൾ വിമാന ഇന്ധനത്തിന് ഇപ്പോൾ ഇരട്ടി വിലയാണുള്ളതെന്ന് ബുധനാഴ്ച സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞാൽ ഏറ്റവും വലിയ തുക ചെലവാകുന്നത് ഇന്ധനത്തിനാണ്. ഉയർന്ന ചെലവുകൾക്കിടയിലും കഴിഞ്ഞ പാദത്തിൽ മികച്ച ലാഭമുണ്ടാക്കാൻ യുണൈറ്റഡ് എയർലൈൻസിന് സാധിച്ചു എന്നത് യാത്രക്കാരുടെ ശക്തമായ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്.

വർദ്ധിച്ച ഇന്ധനച്ചെലവിന്റെ പകുതിയോളം കഴിഞ്ഞ മാസങ്ങളിൽ തന്നെ നിരക്ക് വർദ്ധനയിലൂടെ നികത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ധനവിലയിലുണ്ടായ മുഴുവൻ അധികബാധ്യതയും ടിക്കറ്റ് നിരക്കിലൂടെ ഈടാക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. നിരക്ക് വർദ്ധന ഒരു പരിധി കഴിയുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയേക്കാം എങ്കിലും, നിലവിൽ ടിക്കറ്റ് ബുക്കിംഗിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്ന് സ്കോട്ട് കിർബി കൂട്ടിച്ചേർത്തു. വരും മാസങ്ങളിലും വിമാനയാത്രാ നിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യത.

More Stories from this section

family-dental
witywide