ദീപാവലിക്ക് ശേഷം യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്; 2,000 രൂപയ്ക്ക് മുകളിലുള്ള ചില പേയ്‌മെന്റുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നു

യുപിഐ വഴിയുള്ള ചില വ്യാപാര ഇടപാടുകൾക്ക് (മർച്ചന്റ് പേയ്‌മെന്റ്) ഫീസ് ഈടാക്കുന്നത് ദീപാവലിക്ക് പിന്നാലെ നടപ്പാക്കാൻ തീരുമാനം. നാഷനൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റിയാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നടപ്പാക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് എൻപിസിഐ എക്സിലൂടെ വ്യക്തമാക്കി.

ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് വ്യാപാരികളിൽനിന്ന് ഈടാക്കുന്ന ഫീസാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). തിരഞ്ഞെടുത്ത ചില വ്യാപാര ഇടപാടുകൾക്കു മാത്രമായിരിക്കും പുതിയ നിരക്ക് ബാധകമാകുക. എന്നാൽ ഏതൊക്കെ വിഭാഗങ്ങളിലെ ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുകയെന്ന് എൻപിസിഐ വ്യക്തമാക്കിയിട്ടില്ല. പുതിയ നിർദേശപ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾ ഇടപാട് തുകയുടെ 0.4 ശതമാനം ഫീസായി നൽകണം. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്ക് (പി2പി) ഈ ഫീസ് ബാധകമാകില്ല.

അതേസമയം, ചില പ്രത്യേക വിഭാഗങ്ങളിലെ പേയ്‌മെന്റുകൾക്ക് തുക എത്രയായാലും അഞ്ച് രൂപ വീതം ഫീസ് ഈടാക്കും. 2026 ഓഗസ്റ്റ് 11ന് പാർലമെന്റ് പാസാക്കിയ ടാക്സേഷൻ ആൻഡ് അദർ ലോസ് (അമൻഡ്‌മെന്റ്) ബില്ലിന്റെ അടിസ്ഥാനത്തിലാണ് പുതിയ എംഡിആർ ചട്ടക്കൂട് വരുന്നത്. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007ലെ പത്താം വകുപ്പ് ഭേദഗതി ചെയ്തതിലൂടെ, നിർദിഷ്ട ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾക്ക് ഫീസ് അനുവദിക്കാൻ സർക്കാരിന് അധികാരം ലഭിച്ചു. ഇതനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് രണ്ട് തരത്തിലുള്ള ഫീസുകളാണ് നിർദേശിച്ചിരിക്കുന്നത്.

റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം എന്നീ നാല് വിഭാഗങ്ങളിലെ വ്യാപാര ഇടപാടുകൾക്ക് ഓരോ ഇടപാടിനും അഞ്ച് രൂപ വീതം ഈടാക്കും. മറ്റ് വ്യക്തി-വ്യാപാരി യുപിഐ ഇടപാടുകൾക്ക് (പി2എം) 0.4 ശതമാനം എംഡിആർ ആയിരിക്കും ബാധകം. എന്നാൽ ഓരോ ഇടപാടിനും ഈടാക്കാവുന്ന പരമാവധി ഫീസ് 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

UPI charges on select merchant transactions to be implemented after Diwali

More Stories from this section

family-dental
witywide