
ന്യൂയോർക്ക്: പുറത്താക്കപ്പെട്ട വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിയമപരമായ പ്രതിരോധത്തിനായി ഫണ്ട് നൽകാൻ വെനസ്വേലൻ സർക്കാരിനെ അനുവദിച്ച് അമേരിക്ക. ഇതോടെ ആഴ്ചകളായി നിലനിന്നിരുന്ന നിയമപരമായ അനിശ്ചിതത്വങ്ങൾക്കാണ് വിരാമമായത്. മഡുറോയ്ക്കും ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിടുന്ന അദ്ദേഹത്തിന്റെ ഭാര്യക്കും വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് പ്രതിഫലം നൽകുന്നതിനായി ഉപരോധ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ട്രഷറി വകുപ്പ് സമ്മതിച്ചതായി ഫെഡറൽ പ്രോസിക്യൂട്ടർമാരും പ്രതിഭാഗം അഭിഭാഷകരും കോടതിയെ അറിയിച്ചു. മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കുറ്റാരോപണങ്ങൾ മഡുറോയും ഭാര്യയും കോടതിയിൽ നിഷേധിച്ചിട്ടുണ്ട്.അമേരിക്കയുടെ ഉപരോധ പരിധിയിലുള്ള വെനസ്വേലൻ സർക്കാരിന് പുതിയ ലൈസൻസ് ഭേദഗതി പ്രകാരം നിശ്ചിത നിബന്ധനകളോടെ അഭിഭാഷകർക്ക് പണം നൽകാൻ സാധിക്കും.
2026 മാർച്ച് 5-ന് ശേഷം വെനസ്വേലൻ സർക്കാരിന്റെ കൈവശമെത്തിയ പണം മാത്രമേ ഈ ആവശ്യത്തിനായി ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശത്തോടെയാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ വെനസ്വേലൻ സർക്കാരിൽ നിന്നോ മഡുറോയിൽ നിന്നോ പ്രതിഫലം കൈപ്പറ്റുന്നതിന് ട്രഷറി വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.അമേരിക്കൻ വിദേശ ആസ്തി നിയന്ത്രണ വിഭാഗത്തിന്റെ നിയമങ്ങൾ ലംഘിക്കാതെ തന്നെ പ്രതിഭാഗത്തിന് കേസ് മുന്നോട്ട് കൊണ്ടുപോകാൻ ഈ തീരുമാനം സഹായകരമാകും.
കഴിഞ്ഞ കുറച്ചു കാലമായി ഈ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കങ്ങൾ കോടതി നടപടികളെ ബാധിച്ചിരുന്നു. പുതിയ തീരുമാനത്തോടെ മഡുറോയുടെയും പത്നിയുടെയും വിചാരണ നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കേസിൽ അമേരിക്കൻ ഭരണകൂടം സ്വീകരിച്ച പുതിയ നിലപാട് ഏറെ പ്രധാന്യമർഹിക്കുന്നു.












