
വാഷിംഗ്ടൺ: യുഎസിന്റെ അത്യാധുനിക ആയുധശേഖരം സംബന്ധിച്ച അതീവ രഹസ്യവിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭവത്തിൽ, ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ പോളിഗ്രാഫ് (കള്ളം കണ്ടുപിടിക്കുന്ന പരിശോധന) പരിശോധനയ്ക്ക് വിധേയരാക്കി. ഡോണൾഡ് ട്രംപിന്റെ കടുത്ത അമർഷത്തെത്തുടർന്നാണ് പെന്റഗൺ വ്യാപകമായ അന്വേഷണം ആരംഭിച്ചത്. അതീവ രഹസ്യസ്വഭാവമുള്ള ഈ വിവരങ്ങൾ ചുരുക്കം ചിലർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നതിനാൽ, വിവരങ്ങൾ ചോർത്തിയവർ ഏതെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായി പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിലും അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഉന്നത ഉദ്യോഗസ്ഥർക്ക് പോളിഗ്രാഫ് പരിശോധന സാധാരണയാണെങ്കിലും, ഒരേസമയം ഇത്രയധികം പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത് അപൂർവ്വമായ സംഭവമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡ് ഉദ്യോഗസ്ഥർ, വിവിധ കംബാറ്റന്റ് കമാൻഡർമാർ ഉൾപ്പെടെ അമ്പതോളം പേരാണ് കഴിഞ്ഞ മാസങ്ങളിൽ പരിശോധന നേരിട്ടത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കടുത്ത ചോദ്യങ്ങളാണ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. എന്നാൽ മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയതായി തെളിയിക്കുന്ന രീതിയിൽ പരിശോധനയിൽ ആരും പരാജയപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംയുക്ത സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ അടക്കമുള്ള ചില പ്രമുഖ നേതാക്കളെ ഈ പോളിഗ്രാഫ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിഷയത്തിൽ പെന്റഗൺ ചീഫ് സ്പോക്സ്പേഴ്സൺ ഷീൻ പർണെൽ നൽകിയ വിശദീകരണത്തിൽ, ആഭ്യന്തര അന്വേഷണങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ ദേശീയ സുരക്ഷയെ ബാധിക്കുന്ന ചോർച്ചകളെ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, രാജ്യത്തിന്റെയും വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സൈനികരുടെയും സുരക്ഷയ്ക്ക് രഹസ്യവിവരങ്ങൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












