അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് വിരാമമിടാനുള്ള നയതന്ത്ര നീക്കങ്ങളുമായി അമേരിക്ക. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും മോസ്കോയിലെത്തി. വിമാനത്താവളത്തിലെത്തിയ അമേരിക്കൻ സംഘത്തെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രീവ് നേരിട്ടെത്തി സ്വീകരിച്ചു.
റഷ്യൻ നേതൃത്വവുമായി നടത്തുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം അമേരിക്കൻ സംഘം യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് തിരിക്കും. കീവിലെത്തുന്ന പ്രതിനിധികൾ യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുകയും യുദ്ധവിരാമത്തിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുൻകൈ എടുക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
ഉന്നതതല സമാധാന ശ്രമങ്ങൾ ഒരുവശത്ത് സജീവമായി പുരോഗമിക്കുമ്പോഴും മേഖലയിൽ ആക്രമണങ്ങൾക്ക് അയവുവന്നിട്ടില്ല. ചർച്ചകൾക്കായി പ്രതിനിധി സംഘം മോസ്കോയിൽ എത്തിയ ദിവസവും യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ വ്യോമാക്രമണങ്ങൾ തുടർന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
US Intervenes to End Russia-Ukraine War: Trump’s Special Envoys Arrive in Moscow for Peace Talks













