
ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചു. ഇറാന്റെ മൊത്തം അസംസ്കൃത എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ടെർമിനലിലെ മൂന്ന് പ്രധാന ബെർത്തുകളും ദീർഘനാളായി ശൂന്യമായി കിടക്കുകയാണെന്ന് മാരിടൈം ഇന്റലിജൻസ് ഏജൻസിയായ വിൻഡ്‌വാർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിൻഡ്‌വാർഡിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം, ഖാർഗിലെ പടിഞ്ഞാറൻ ടെർമിനലിൽ കഴിഞ്ഞ 22 ദിവസമായും, ദ്രവീകൃത പെട്രോളിയം ഗ്യാസ് ടെർമിനലിൽ 13 ദിവസമായും, കിഴക്കൻ ടെർമിനലിൽ കഴിഞ്ഞ 10 ദിവസമായും യാതൊരുവിധ എണ്ണ ലോഡിംഗും നടന്നിട്ടില്ല. ജൂലൈ 31-ന് ശേഷം ഖാർഗിൽ നിന്ന് ഒരു കപ്പൽ പോലും യാത്ര തിരിച്ചിട്ടില്ലെന്നും, ടെർമിനലിന് സമീപത്തെ കാത്തിരിപ്പ് മേഖലയിൽ നങ്കൂരമിട്ടിരിക്കുന്ന 17 ഓളം എണ്ണ ടാങ്കറുകൾ തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടാതെ പ്രവർത്തനരഹിതമായി തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇറാൻ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് ഖാർഗ് വഴിയുള്ള എണ്ണ കയറ്റുമതി. പ്രധാനമായും ചൈനീസ് വിപണിയിലേക്ക് എത്തിയിരുന്ന ഈ വിതരണം സംഘർഷങ്ങൾക്കിടയിലും കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വരെ തടസ്സമില്ലാതെ തുടർന്നിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുന്നതിനുള്ള വിജയ മാതൃകയായാണ് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ഖാർഗ് ടെർമിനലിനെ നേരത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസാവസാനത്തോടെ എണ്ണ കയറ്റുമതിയുടെ കണക്കുകൾ പുറത്തുവിടുന്നത് ഒഴിവാക്കി, അടിസ്ഥാന സൗകര്യങ്ങൾ കേടുകൂടാതെ നിലനിർത്തുന്നതിലാണ് ഇറാനിയൻ മാധ്യമങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുഎസ് ഏർപ്പെടുത്തിയ ശക്തമായ ഉപരോധം ഇറാന്റെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഖാർഗ് ദ്വീപ് പൂർണ്ണ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയ വിവരങ്ങൾ പുറത്തുവരുന്നത്. കടുത്ത പണപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന ഇറാന്റെ പക്കൽ പണമില്ലാത്ത അവസ്ഥയാണെന്നും രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് വീഴുന്നത് തങ്ങൾ നിരീക്ഷിക്കുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.














