
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം ഉയർന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ നിർമ്മിത വാഹനങ്ങൾ, മദ്യം, ക്ഷീരോൽപ്പന്നങ്ങൾ എന്നിവയോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ അപ്രതീക്ഷിത നടപടി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
1930-ലെ ട്രേഡ് ആക്റ്റിലെ ‘സെക്ഷൻ 338’ വകുപ്പ് ഉപയോഗിച്ചാണ് ട്രംപ് മൂന്ന് പ്രഖ്യാപനങ്ങളിൽ ഒപ്പുവെച്ചതെന്ന് മുതിർന്ന യു.എസ് ഭരണകൂട ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻപ് അമേരിക്ക ചുമത്തിയ തീരുവകൾക്കെതിരെ തിരിച്ചടിച്ച കാനഡയെ വിട്ടുവീഴ്ചയില്ലാതെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് അമേരിക്ക. ഊർജ്ജ ഉൽപ്പന്നങ്ങൾ, പൊട്ടാഷ്, മത്സ്യം, മറ്റ് പ്രധാന ധാതുക്കൾ എന്നിവയെ പുതിയ 50% തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2020-ൽ നിലവിൽ വന്ന യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ (USMCA) പ്രകാരം മുൻപ് സംരക്ഷണം ലഭിച്ചിരുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് ഇനി പുതിയ തീരുവ നൽകേണ്ടി വരും.
അമേരിക്കയുടെയും കാനഡയുടെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പരം ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പുതിയ നടപടി വിപണിയിൽ കടുത്ത അനിശ്ചിതത്വത്തിനും ഉയർന്ന പണപ്പെരുപ്പത്തിനും വഴിവെക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലുണ്ടായ കാട്ടുതീ അമേരിക്കയിലെ വായുമലിനീകരണത്തിന് കാരണമായെന്ന് ആരോപിച്ച് കൂടുതൽ കൂടുതൽ തീരുവകൾ ചുമത്തുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഏകപക്ഷീയമായ ഇത്തരം തീരുവ പ്രഖ്യാപനങ്ങൾ യു.എസ് സാമ്പത്തിക രംഗത്തെ തളർത്താൻ ദുരുപയോഗം ചെയ്യപ്പെടാം എന്ന ആശങ്ക മുൻനിർത്തി ‘സെക്ഷൻ 338’ വകുപ്പ് റദ്ദാക്കണമെന്ന് കഴിഞ്ഞ വർഷം ചില ഡെമോക്രാറ്റിക് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
US-Canada trade war intensifies; Trump imposes 50 percent tariff on Canadian products













