
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ നിലവിലെ വെടിനിർത്തൽ കാലയളവിൽ മേഖലയിലെ അമേരിക്കൻ സൈന്യം തങ്ങളുടെ ആയുധശേഖരം പുനഃക്രമീകരിക്കുന്നതായും സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുന്നതായും യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. വ്യാഴാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. വെടിനിർത്തൽ സമയത്ത് താൻ നടത്തിയ സന്ദർശനങ്ങളിൽ നിന്നും സൈനികർ അതീവ ആവേശത്തിലാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ലഭ്യമായ ഈ സമയം ആയുധങ്ങൾ നിറയ്ക്കാനും യുദ്ധോപകരണങ്ങൾ പരിഷ്കരിക്കാനും തന്ത്രങ്ങളിൽ മാറ്റം വരുത്താനുമാണ് സൈന്യം വിനിയോഗിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് അതിവേഗം മാറ്റങ്ങൾ വരുത്താൻ അമേരിക്കൻ സൈന്യത്തിന് പ്രത്യേക കഴിവുണ്ടെന്നും ഇപ്പോൾ വെടിനിർത്തൽ വേളയിൽ നടക്കുന്നത് അത്തരത്തിലുള്ള ഒരുക്കങ്ങളാണെന്നും അഡ്മിറൽ കൂപ്പർ വ്യക്തമാക്കി. ഏതൊരു വെല്ലുവിളിയെയും നേരിടാൻ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രപരമായ നീക്കങ്ങൾ നടക്കുന്നത്.















