
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പിന്നാക്ക വിഭാഗ രഥയാത്രയ്ക്കിടെ ബുൾഡോസറിടിച്ച് ബിജെപി നേതാവിന്റെ മകൻ മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ ആര്യവർധൻ സിങ് (14) ആണ് മരിച്ചത്. സംഭവത്തിൽ അഖിലേഷ് യാദവിനും രഥയാത്രയുടെ സംഘാടകർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന ആര്യവർധനെ അമിതവേഗത്തിലെത്തിയ ബുൾഡോസർ ഇടിക്കുകയായിരുന്നു. രഥയാത്രയ്ക്കിടെ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു ബുൾഡോസറിന്റെ ഡ്രൈവർ. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിൽ തലയിടിച്ചുവീണ കുട്ടിയുടെ തലയ്ക്ക് പിന്നിൽ ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഘാടകരുടെ വീഴ്ചയാണ് മകന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച പിതാവ് ഓംകാർ സിങ്, അഖിലേഷ് യാദവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, പുഷ്പാർച്ചനയ്ക്കായി ബുൾഡോസർ ഏർപ്പാടാക്കിയിരുന്നില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. ഇല്ലാത്ത കേസുകൾ സൃഷ്ടിക്കുന്നത് ബിജെപിയുടെ പതിവാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്.















