
ചെന്നൈ: ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് സെപ്റ്റംബർ 9 മുതൽ ചെന്നൈയിലെ എം.ജി.എം. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്ന് ഉച്ചയ്ക്ക് 2.24-ഓടെ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ ഒരു വോട്ടർ ഇന്നലെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
കൊളത്തൂരിലെ അട്ടിമറി വിജയത്തിലൂടെ ‘ജയന്റ് കില്ലർ’ എന്ന വിശേഷണം നേടിയ വി.എസ്. ബാബു ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു. മുൻപ് ഡിഎംകെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം 2006-ൽ പുരസവാക്കത്തുനിന്ന് ഡിഎംകെ ടിക്കറ്റിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011-ൽ സ്റ്റാലിൻ കൊളത്തൂരിൽ മത്സരിച്ചപ്പോൾ പ്രചാരണ ചുമതല വഹിച്ചിരുന്നത് ബാബുവായിരുന്നു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞുപോയെന്നാരോപിച്ച് പാർട്ടിയിൽ തഴയപ്പെട്ടതോടെ 2016-ൽ അദ്ദേഹം അണ്ണാഡിഎംകെയിൽ ചേർന്നു. തുടർന്ന് 2026 ഫെബ്രുവരിയിലാണ് ടിവികെയിൽ എത്തിയത്.
വി.എസ്. ബാബുവിന്റെ വിയോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അനുശോചനം രേഖപ്പെടുത്തി. പാർട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
TVK MLA V.S. Babu (75), Who Defeated M.K. Stalin in Kolathur, Passes Away; CM C. Joseph Vijay Condoles Demise















