അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചർച്ച തുടരുന്നു, ട്രംപിന്റെ പ്രത്യേക ദൂതനും മരുമകനും ഉടനെത്തുമെന്ന് റിപ്പോർട്ട്; യുഎസുമായി ഇറാൻ ചർച്ചയ്ക്ക് തയ്യാറാകുമോ?

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ യുഎസ് പ്രതിനിധി സംഘം പാകിസ്താനിലേക്ക് തിരിക്കുന്നു. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുമാണ് ഇസ്ലാമാബാദിലെത്തുന്നതെന്നാണ് സൂചന. നിലവിൽ പാകിസ്താൻ സന്ദർശിക്കുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇവരെ ചർച്ചയ്ക്ക് ഇരുത്താനാണ് പാകിസ്താന്റെ നീക്കം. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഇപ്പോഴും തുടരുന്നത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച രാവിലെ പാക് സൈനിക മേധാവി അസിം മുനീറുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. പാകിസ്താൻ, റഷ്യ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇസ്ലാമാബാദിലെത്തിയത്. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ പാക് സൈന്യം പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ അരാഗ്ചി എത്ര ദിവസം പാകിസ്താനിൽ തുടരുമെന്ന കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ ഘട്ടത്തിലെ ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫും ഇത്തവണ പ്രതിനിധി സംഘത്തിലില്ലെന്നത് ശ്രദ്ധേയമാണ്. പുതിയ സംഘത്തെ അയക്കുന്നതിലൂടെ അമേരിക്ക പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. തങ്ങളുടെ രാജ്യം വലിയൊരു സൈനിക ശക്തിയാണെന്നും അമേരിക്ക ഇപ്പോൾ യുദ്ധത്തിൽ നിന്ന് മുഖം രക്ഷിക്കാനുള്ള വഴി തേടുകയാണെന്നും ഇറാൻ പ്രതിരോധ മന്ത്രാലയം പരിഹസിച്ചു.

തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പിൻവലിക്കാതെ വാഷിംഗ്ടണുമായി ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി വ്യക്തമാക്കി. ഉപരോധം തുടരുന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ വാദം. ഉപരോധം നീക്കിയാൽ മാത്രമേ ചർച്ചകളെക്കുറിച്ച് ആലോചിക്കൂ എന്ന കർശന ഉപാധിയാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്.

യുഎസ് കൂടുതൽ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും അതിനുള്ള സമയം നൽകുന്നതിന് വേണ്ടി മാത്രമുള്ള ചർച്ചകൾക്ക് തങ്ങൾ നിൽക്കില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു. അമേരിക്കയുടെ നീക്കങ്ങൾ സംശയത്തോടെയാണ് ഇറാൻ വീക്ഷിക്കുന്നത്. പാകിസ്താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ വിജയിച്ചാൽ മാത്രമേ മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാൻ സാധിക്കൂ. അന്താരാഷ്ട്ര സമൂഹം അതീവ പ്രാധാന്യത്തോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.

US delegation heads to Pakistan; Iran refuses direct talks citing distrust

More Stories from this section

family-dental
witywide