
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങളുടെ തയ്യാറെടുപ്പുകളും അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി.സി.എസ്.) യോഗം ചേർന്നു. വിഷയത്തിൽ ചേരുന്ന നാലാമത്തെ പ്രത്യേക സി.സി.എസ്. യോഗമാണിത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും എൽ.പി.ജി., എൽ.എൻ.ജി., പെട്രോളിയം ഉൽപ്പന്നങ്ങൾ, വളം എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും കാബിനറ്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. അസംസ്കൃത എണ്ണ ലഭ്യമാക്കിയതോടെ പൊതുമേഖലാ റിഫൈനറികൾ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്നും യോഗം വിലയിരുത്തി.
വരാനിരിക്കുന്ന കാർഷിക സീസണിലേക്കുള്ള വളത്തിന്റെ ആവശ്യകതയും ഇതര സ്രോതസ്സുകളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. കർഷകർക്ക് തടസ്സമില്ലാതെ വളവും കീടനാശിനികളും ലഭ്യമാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. സംഘർഷ മേഖലകളിൽ ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി പ്രത്യേകം വിലയിരുത്തിയ യോഗം, നാവികർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സഹായവും കൃത്യമായ വിവരങ്ങളും നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താനും ആവശ്യപ്പെട്ടു. പ്രവാസികളുടെയും വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുന്നതിന് സൗരോർജ്ജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും സംയോജിതമായി പ്രവർത്തിക്കണമെന്നും, സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാൻ ഏകോപിത നിരീക്ഷണ സംവിധാനം സജ്ജമാക്കണമെന്നും യോഗത്തിൽ തീരുമാനമായി.
West Asia Conflict: PM Modi Chairs CCS Meeting; Directs to Ensure Safety of Seafarers and Uninterrupted Fuel-Fertilizer Supply















