മക്കയിൽ ജാഗ്രതാ നിർദേശം; ജിദ്ദ, യാംബു, തബൂക്ക് ഉൾപ്പെടെ വിവിധ മേഖലകളിൽ മുന്നറിയിപ്പ്

റിയാദ്: ദേശീയ എർലി വാണിങ് പ്ലാറ്റ്‌ഫോം സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയതിനെ തുടർന്ന് മക്ക ഉൾപ്പെടെ സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം. സൗദി സിവിൽ ഡിഫൻസാണ് ഇക്കാര്യം അറിയിച്ചത്. “സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി മക്ക നഗരത്തിൽ ദേശീയ എർലി വാണിങ് പ്ലാറ്റ്‌ഫോം വഴി അലർട്ട് പുറപ്പെടുവിച്ചു,” എന്ന് സൗദി സിവിൽ ഡിഫൻസ് എക്‌സിൽ അറിയിച്ചു. ജിദ്ദ, യാംബു, തബൂക്ക് ഉൾപ്പെടെയുള്ള മേഖലകളും മുന്നറിയിപ്പ് പട്ടികയിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

അലർട്ടുകൾ ഏതാനും മിനിറ്റുകൾക്കുശേഷം പിൻവലിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണങ്ങൾക്ക് മുന്നോടിയായും സമാനമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നവർ പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അപകടസാധ്യത അവസാനിക്കുന്നതുവരെ കെട്ടിടങ്ങൾക്കുള്ളിലോ ജനലുകളിൽനിന്ന് അകലെയുള്ള അകത്തെ മുറികളിലോ സുരക്ഷിതമായി കഴിയണമെന്നും നിർദേശിച്ചു.

അപകടസാധ്യത അവസാനിക്കുന്നതുവരെ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും പുറത്തിറങ്ങരുതെന്നും തുറസ്സായ സ്ഥലങ്ങൾ, ജനലുകൾ, ഗ്ലാസ്, ബാൽക്കണി, മേൽക്കൂര എന്നിവിടങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളും അപകടസാധ്യതയുള്ള മേഖലകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. പുറത്തുള്ളവർ ഏറ്റവും അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടുകയോ ശക്തമായ സുരക്ഷാ മറയ്ക്ക് പിന്നിൽ മാറിനിൽക്കുകയോ വേണം. വാഹനമോടിക്കുന്നതിനിടെ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങളിൽ നിന്നും ഉയരം കൂടിയ കെട്ടിടങ്ങളിൽ നിന്നും അകലെ റോഡിന്റെ വശത്തേക്ക് വാഹനം മാറ്റിനിർത്തണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.

അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് ചിത്രങ്ങൾ എടുക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഔദ്യോഗിക ചാനലുകളിലൂടെ നൽകുന്ന നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Mecca on alert as Saudi Arabia issues warning messages; Jeddah, Yanbu, Tabuk among areas flagged

More Stories from this section

family-dental
witywide