യുഎസ് വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിച്ചേക്കും; മുന്നറിയിപ്പുമായി ഖമനേയിയുടെ ഉപദേഷ്ടാവ്

ടെഹ്‌റാൻ: അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ ഇറാൻ യുദ്ധത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സഫവി. പേർഷ്യൻ ഉൾക്കടലിൽ നിന്നും ഹോർമുസ് കടലിടുക്കിൽ നിന്നും സംഘർഷം ചെങ്കടലിലേക്കും വ്യാപിച്ച സാഹചര്യത്തിൽ, കൂടുതൽ ആക്രമണമുണ്ടായാൽ യുദ്ധമുഖം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിക്കാമെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് പുറത്തുവിട്ട വിഡിയോയിൽ സഫവി പറയുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പേർഷ്യൻ ഉൾക്കടൽ, ഗൾഫ് ഓഫ് ഒമാൻ, പ്രധാന സമുദ്ര വ്യാപാരപാതകൾ എന്നിവിടങ്ങളിൽ തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ മേഖലയിലെ യുഎസ് താൽപര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ അധികൃതർ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രകോപനമുണ്ടായാൽ സൈനിക തന്ത്രങ്ങളിലും ലക്ഷ്യങ്ങളിലും മാറ്റം വരുത്താൻ കഴിയുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡും തിങ്കളാഴ്ച വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ അഞ്ച് പ്രധാന സമുദ്രവിഭാഗങ്ങളിൽ മൂന്നാമത്തെ വലിയ സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. ഏകദേശം 7.05 കോടി ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ഭൂമിയിലെ ജലോപരിതലത്തിന്റെ ഏകദേശം 20 ശതമാനമാണ്. വടക്ക് ഏഷ്യയാണ് അതിരിടുന്നത്. ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ വടക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പ്രധാന സമുദ്രപാതയാണ്. ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും വർധിച്ചതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും നേരത്തെ തന്നെ ബാധിച്ചിട്ടുണ്ട്.

പേർഷ്യൻ ഉൾക്കടലിനെയും ഗൾഫ് ഓഫ് ഒമാനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലും സ്ഥിതി സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമുസിലൂടെ കടന്നുപോയത് 17 ചരക്ക് കപ്പലുകൾ മാത്രമാണ്. തൊട്ടുമുമ്പത്തെ ആഴ്ച ഇത് 37 ആയിരുന്നു. യുദ്ധത്തിന് മുമ്പ് പ്രതിദിനം ശരാശരി 125 കപ്പലുകൾ വരെ കടന്നുപോയിരുന്ന പാതയാണിത്. ബാബ് അൽ മന്ദബിലൂടെയുള്ള കപ്പൽ ഗതാഗതത്തിലും കുറവുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലേക്കും സമുദ്ര ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഗൾഫ് മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും. ഏഷ്യയിലേക്കും തിരിച്ചുമുള്ള ഊർജ, വാണിജ്യ കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയാണ് ഈ മേഖല.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഗൾഫ് മേഖല, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുമായി ഇന്ത്യയ്ക്ക് വിപുലമായ സമുദ്രവ്യാപാര ബന്ധങ്ങളുണ്ട്. അതിനാൽ സംഘർഷം വ്യാപകമായാൽ കപ്പൽ ഗതാഗതം, ഇൻഷുറൻസ് ചെലവ്, ഊർജ വിതരണം, പ്രാദേശിക വ്യാപാരം എന്നിവയിൽ കൂടുതൽ സമ്മർദമുണ്ടാകാം. ഇറാൻ-യുഎസ് യുദ്ധം ഇതിനകം തന്നെ ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. എണ്ണ, എൽപിജി, കപ്പൽ ഗതാഗത ചെലവുകൾ ഉയർന്നതാണ് പ്രധാനമായും പ്രതിഫലിച്ചത്. ഹോർമുസ് കടലിടുക്കിലെ സംഘർഷം ഊർജവിതരണത്തെ ബാധിച്ചതോടെ ക്രൂഡ് ഓയിൽ വില ഉയരുകയും ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കുകയും രൂപയുടെ മൂല്യത്തിൽ സമ്മർദം ഉണ്ടാകുകയും ചെയ്തു.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സങ്ങൾ ഇന്ത്യയെ കാര്യമായി ബാധിക്കാം. സെപ്റ്റംബറിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഇന്ത്യയുടെ ക്രൂഡ് ബാസ്‌കറ്റിന്റെ ശരാശരി വിലയും സെപ്റ്റംബറിൽ ബാരലിന് 102.11 ഡോളറായി ഉയർന്നു. ഓഗസ്റ്റിൽ ഇത് 90.19 ഡോളറും ജൂലൈയിൽ 82.04 ഡോളറുമായിരുന്നു.

Iran may extend war to Indian Ocean if US attacks again: Khamenei’s adviser

More Stories from this section

family-dental
witywide