
വാഷിംഗ്ടൺ: ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി വിസക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ നിയമപരമായി തുടരാൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ‘ഗ്രേസ് പിരീഡ്’ നിർത്തലാക്കാൻ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പുതിയ നിയമഭേദഗതി നിർദ്ദേശം വൈറ്റ് ഹൗസ് ഓഫീസിൻ്റെ അന്തിമ പരിശോധനയ്ക്കായി സമർപ്പിച്ചു കഴിഞ്ഞു.
നിലവിൽ പ്രൊപ്പോസൽ ഘട്ടത്തിലുള്ള ഈ നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ, ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താനോ രാജ്യം വിടാനോ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ. ഇത് എച്ച്-1ബി വിസയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെയും അവരുടെ കുടുംബാംഗങ്ങളെയും പ്രതികൂലമായി ബാധിക്കും.
എന്താണ് 60 ദിവസത്തെ ഗ്രേസ് പിരീഡ്?
2016-ൽ നിലവിൽ വന്ന നിയമപ്രകാരം എച്ച്-1ബി, എൽ-1, ഒ-1, ടിഎൻ തുടങ്ങിയ വിസകളിൽ ഉള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ, യു.എസിൽ തുടരാൻ 60 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. ഈ സമയത്തിനുള്ളിൽ അവർക്ക് മറ്റൊരു ജോലി കണ്ടെത്താനോ, വിസ സ്റ്റാറ്റസ് മാറ്റാൻ അപേക്ഷിക്കാനോ സാധിക്കുമായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം ഇല്ലാതാകും. അതേസമയം, ഭേദഗതിയുടെ പൂർണ്ണമായ വിവരങ്ങൾ വൈറ്റ് ഹൗസ് പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ.
US ends 60-day ‘grace period’ for H-1B visa holders? Indian IT workers worried















