ലൈംഗികപീഡനക്കേസിൽ ട്രംപിന് തിരിച്ചടി, എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് ലൈംഗികപീഡനക്കേസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 5.63 ദശലക്ഷം ഡോളർ (47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി 2023-ൽ ജൂറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക, ട്രംപിന്റെ എതിർപ്പുകൾ മറികടന്ന് കാരോളിന്റെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.

1996-ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിങ് റൂമിൽവെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കാരോളിന്റെ പരാതി. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച ട്രംപ്, കാരോളിന്റെ വാദങ്ങൾ കള്ളമാണെന്നും സ്വന്തം പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണെന്നും ആരോപിച്ചിരുന്നു. കേസിൽ ട്രംപ് സമർപ്പിച്ച അപ്പീൽ യു.എസ് സുപ്രീം കോടതി തള്ളിയതോടെയാണ് തുക കൈമാറാൻ അന്തിമമായി വഴിയൊരുങ്ങിയത്.

തുക കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകർ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. കാരോൾ ഈ തുക മറ്റാർക്കെങ്കിലും ദാനം ചെയ്താൽ പിന്നീട് കേസിൽ അനുകൂല വിധി വന്നാലും പണം തിരിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, തന്റെ വിരമിക്കൽ കാലത്തെ ആവശ്യങ്ങൾക്കായി ഈ പണം ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് കാരോൾ കോടതിയെ അറിയിച്ചത്. ജൂറി വിധിച്ച തുകയും അതിന്റെ പലിശയും ചേർത്താണ് നിലവിൽ തുക കൈമാറിയത്.

Donald Trump Pays 47 Crore Rupees Compensation to Writer E Jean Carroll in Sexual Abuse Case

More Stories from this section

family-dental
witywide