വ്യാജരേഖ ചമച്ച് യു.എസ് പൗരത്വം നേടി; ഇന്ത്യൻ വംശജൻ്റെ പൗരത്വം റദ്ദാക്കാൻ അമേരിക്കൻ സർക്കാർ കോടതിയിൽ

ന്യൂയോർക്ക്: വ്യാജ ഐഡൻ്റിറ്റിയും തെറ്റായ വിവരങ്ങളും നൽകി അമേരിക്കൻ പൗരത്വം നേടിയ 54 കാരനായ ഇന്ത്യൻ-അമേരിക്കൻ പൗരനെതിരെ യു.എസ് സർക്കാർ നിയമനടപടി ആരംഭിച്ചു. ബൽവീന്ദർ സിംഗ് എന്നുകൂടി പേരുള്ള ജസ്വിന്ദർ സിംഗിന് എതിരെയാണ് സിവിൽ ഡിനാച്ചുറലൈസേഷൻ (പൗരത്വം റദ്ദാക്കൽ) പരാതി ഫയൽ ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാളുടെ യു.എസ് പൗരത്വം റദ്ദാക്കുകയും ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.

കോടതി രേഖകൾ പ്രകാരം 1990 ഓഗസ്റ്റിലാണ് ഇയാൾ ‘ബൽവീന്ദർ സിംഗ്’ എന്ന പേരിൽ ആദ്യമായി ഇമിഗ്രേഷൻ അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ അതേവർഷം നവംബറിൽ അപേക്ഷ നിരസിച്ച ഇമിഗ്രേഷൻ കോടതി ഇയാളെ നാടുകടത്താൻ ഉത്തരവിട്ടു. അപ്പീലുകൾ പരാജയപ്പെട്ടതിനെ തുടർന്ന് 1993-ൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിച്ചെങ്കിലും ഇയാൾ അതിന് തയ്യാറായില്ല.

പിന്നീട് 1994-ൽ ‘ജസ്വിന്ദർ സിംഗ്’ എന്ന പുതിയ പേരിൽ ഇയാൾ രണ്ടാമത് അപേക്ഷ നൽകി. പുതിയ അപേക്ഷയിൽ ജനനത്തീയതിയും അമേരിക്കയിൽ പ്രവേശിച്ച രീതിയും തിരുത്തുകയും, പഴയ നാടുകടത്തൽ ഉത്തരവിൻ്റെ വിവരങ്ങൾ പൂർണ്ണമായി മറച്ചുവെക്കുകയും ചെയ്തു. ഈ വിവരങ്ങൾ സത്യമാണെന്ന് വിശ്വസിച്ച് 2003-ൽ കോടതി ഇയാൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയായ ഗ്രീൻ കാർഡ് നൽകി. തുടർന്ന് 2013 ജൂണിൽ ഇയാൾക്ക് യു.എസ് പൗരത്വവും ലഭിച്ചു.

തെറ്റായ വിവരങ്ങൾ നൽകി സ്ഥിരതാമസാനുമതി നേടിയതിനാലും, പൗരത്വ അഭിമുഖത്തിൽ വ്യാജ മൊഴി നൽകിയതിനാലും ഇയാളുടെ പൗരത്വം നിയമവിരുദ്ധമാണെന്ന് യു.എസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ഇമിഗ്രേഷൻ നിയമപ്രകാരം വ്യാജരേഖകളിലൂടെ നേടുന്ന പൗരത്വം റദ്ദാക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് കോടതിക്ക് അധികാരമുണ്ട്. യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസാണ് (യു.എസ്.സി.ഐ.എസ്) ഈ കേസ് അന്വേഷിക്കുന്നത്.

US government moves court to revoke citizenship of Indian-origin man who obtained US citizenship by forging documents

More Stories from this section

family-dental
witywide