
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെയും പ്രളയക്കെടുതിയെയും തുടർന്ന് ദുരിതബാധിതർക്കായി വിപുലമായ ധനസഹായവും സമഗ്ര പുനരധിവാസ പാക്കേജും പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭ. മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരിതബാധിതർക്ക് അടിയന്തര ആശ്വാസം എത്തിക്കുന്നതിനൊപ്പം ദീർഘകാല സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യോഗത്തിനുശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും, മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ആകെ ധനസഹായം 8 ലക്ഷം രൂപയായും നിശ്ചയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും സംയോജിപ്പിച്ചാണ് ഈ തുക നൽകുക.
പ്രളയത്തിൽ മരണപ്പെട്ടവരുടെ അടിയന്തര ശവസംസ്കാര ആവശ്യങ്ങൾക്കായി 10,000 രൂപ ഉടൻ കൈമാറും. കൂടാതെ, പ്രളയജലം കയറിയ സ്വന്തം വീടുകളിലേക്ക് ശുചീകരണത്തിനായി മടങ്ങുന്ന ഓരോ കുടുംബത്തിനും അടിയന്തര സഹായമായി 10,000 രൂപ വീതം നൽകും. പ്രളയത്തിൽ വീട് പൂർണ്ണമായി തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കുന്നതിനുള്ള തുക 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായി സർക്കാർ ഉയർത്തി. പ്രളയത്തിലും ഉരുൾപൊട്ടലിലും പെട്ട് വീടും ഒപ്പം ഭൂമിയും പൂർണ്ണമായി നഷ്ടപ്പെട്ട് പുനരധിവസിപ്പിക്കേണ്ടി വരുന്ന കുടുംബങ്ങൾക്കുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രളയക്കെടുതി മൂലം ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട റേഷൻ കാർഡുള്ള കുടുംബങ്ങളിലെ രണ്ട് പേർക്ക് വീതം പ്രതിദിനം 300 രൂപ നിരക്കിൽ ദിനബത്ത അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്ത് നിലവിൽ പ്രളയ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 5 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം മഴക്കെടുതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 26 പേർ മരണപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 11 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്താകെ നിലവിൽ 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിലായി 27,048 ആളുകളെ സുരക്ഷിതമായി പാർപ്പിച്ചിരിക്കുന്നു. പത്തനംതിട്ട (157), കോട്ടയം (154), ആലപ്പുഴ (81) ജില്ലകളിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 1,882 ഹെക്ടർ കൃഷിഭൂമിയിലാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. ഇത് 23,537 കർഷകരെ നേരിട്ട് ബാധിച്ചു. കൃഷിമേഖലയിലെ പ്രാഥമിക നാശനഷ്ടം 67.44 കോടി രൂപയായി കണക്കാക്കുന്നു.
2018, 2019 വർഷങ്ങളിലെ മഹാപ്രളയങ്ങൾക്ക് ശേഷം സംസ്ഥാനത്തെ നദികളിൽ വൻതോതിൽ അടിഞ്ഞുകൂടിയ മണ്ണും മണലും അടിയന്തരമായി നീക്കം ചെയ്യാൻ മന്ത്രിസഭ അനുമതി നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നദികളുടെ ഒഴുക്ക് സുഗമമാക്കാനും ഭാവിയിലെ വെള്ളപ്പൊക്ക ഭീഷണി ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും. പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രളയസാധ്യതാ ജില്ലകൾക്കായിരിക്കും ഇതിൽ മുൻഗണന നൽകുക.
പെട്ടെന്നുണ്ടാകുന്ന കനത്ത മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും കൃത്യമായി മുൻകൂട്ടി അറിയുന്നതിനായി കൊച്ചി സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികളുമായി സഹകരിച്ച് വിപുലമായ ‘ഡിസാസ്റ്റർ മാനേജ്മെന്റ് റീസിലിയൻസ് പ്രോഗ്രാം’ (ദുരന്ത നിവാരണ പ്രതിരോധ സംവിധാനം) സർക്കാർ നടപ്പിലാക്കും.
സംസ്ഥാനത്തെ പ്രധാന ഡാമുകളിലെല്ലാം വെള്ളം നിലവിൽ സുരക്ഷിതമായ അളവിലാണുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂഴിയാർ പോലെയുള്ള ചെറിയ ഡാമുകൾ മാത്രമാണ് ജില്ലാ കളക്ടറുടെ അനുമതിയോടെ നിലവിൽ തുറന്നിട്ടുള്ളത്. ഡാമുകൾ തുറക്കുന്നത് സംബന്ധിച്ചും പ്രളയ സാഹചര്യം സംബന്ധിച്ചും സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ ഭംഗിയായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട് എം.എൽ.എ. ഫോൺ വിളിച്ചപ്പോൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഫോൺ എടുക്കാതിരുന്നത് അദ്ദേഹം മന്ത്രിസഭായോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്നതിനാലാണ്. പത്തനംതിട്ട സന്ദർശനത്തെക്കുറിച്ചുള്ള കോന്നി എം.എൽ.എ.യുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പത്തനംതിട്ടയിൽ നടന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള യോഗമായതിനാലാണ് എം.എൽ.എ.മാരെ ക്ഷണിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Floods: Government with extensive rehabilitation package; 8 lakhs for families of those who died, 6 lakhs for those whose houses were damaged















