അമേരിക്കയിൽ പുല്ലുവെട്ടുന്ന തൊഴിലാളിക്ക് 15 ലക്ഷം രൂപ വരെ ശമ്പളം, ഓഡി കാറിൽ സഞ്ചാരം; ഇന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോ വൈറൽ

അമേരിക്കയിലെ സാധാരണ ബ്ലൂ-കോളർ ജോലികൾക്കും ഉയർന്ന വേതനം ലഭിക്കുന്നുവെന്ന അവകാശവാദവുമായി ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഈശ്വർ യാദവ്. പുല്ലുവെട്ടുന്ന ജോലി ചെയ്യുന്ന ഒരാൾക്ക് പ്രതിമാസം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുണ്ടെന്നും അദ്ദേഹം ഓഡി കാർ ഉപയോഗിക്കുന്നുണ്ടെന്നുമാണ് യാദവിൻ്റെ വീഡിയോയിലെ അവകാശവാദം.

“അമേരിക്കയിൽ പുല്ലുവെട്ടൽ, ക്ലീനിങ്, മെയിന്റനൻസ് തുടങ്ങിയ അടിസ്ഥാന ജോലികൾക്കും മികച്ച പ്രതിഫലമാണ് ലഭിക്കുന്നത്. ഇവിടെ ഒരു ജോലിയെയും ചെറുതായി കാണുന്നില്ല. കഴിവിനും അധ്വാനത്തിനും അനുസരിച്ചാണ് പ്രതിഫലം ലഭിക്കുന്നത്,” എന്നാണ് യാദവ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ, പുല്ലുവെട്ടുന്ന തൊഴിലാളിയെ കണ്ടുമുട്ടിയെന്നും അദ്ദേഹത്തിന്റെ വരുമാനം കൊണ്ടാണ് ഓഡി കാർ സ്വന്തമാക്കിയതെന്നും യാദവ് പറയുന്നു. തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓഡി കാർ ക്യാമറയിൽ കാണിക്കുകയും ചെയ്യുന്നു.

എന്നാൽ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ ചർച്ചയാണ് ഉയർന്നത്. അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രചോദനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, മറ്റുചിലർ യാഥാർഥ്യങ്ങൾ മറച്ചുവെച്ചതാണെന്ന് വിമർശിച്ചു.”ഇത്തരം ജീവിതം കാണിക്കാൻ എളുപ്പമാണ്, പക്ഷേ അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരത നേടുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല,” എന്നാണ് ഒരാളുടെ പ്രതികരണം.

“അമേരിക്കയിൽ താമസം ആരംഭിക്കാൻ വേണ്ട ചെലവുകളും അവിടുത്തെ ജീവിതച്ചെലവും പറയണം. എല്ലാവർക്കും ഇത്രയും വരുമാനം ലഭിക്കുന്നില്ല. അവിടെയും ദാരിദ്ര്യമുണ്ട്,” എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ വിമർശനം.

രാജസ്ഥാനിൽ നിന്നുള്ള ഈശ്വർ യാദവ് നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. അമേരിക്കയിലെ തൊഴിൽ അവസരങ്ങൾ, ജീവിതശൈലി, കരിയർ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വീഡിയോകളാണ് അദ്ദേഹം പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

More Stories from this section

family-dental
witywide