അമേരിക്കയും ഇറാനും ഞായറാഴ്ച പരസ്പര ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിന് താൽക്കാലിക ആശ്വാസമായി. ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തിനും എണ്ണവ്യവസായത്തിനും മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇടവേള ലഭിച്ചതായാണ് വിലയിരുത്തൽ. ചർച്ചകൾക്ക് അവസരം നൽകുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ സ്ഥാനപതി മൈക്ക് വാൾട്സ് അറിയിച്ചു. സൈന്യം പൂർണ സജ്ജമായിരുന്നാലും നയതന്ത്ര ചർച്ചകൾക്ക് “അൽപം സമയം” അനുവദിക്കുകയാണെന്ന് അദ്ദേഹം ഫോക്സ് ന്യൂസ് സൺഡേയോട് പ്രതികരിച്ചു.
അമേരിക്കയുടെ പശ്ചിമേഷ്യൻ സഖ്യകക്ഷികൾക്കെതിരായ തിരിച്ചടി ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാനും അറിയിച്ചു. ഏപ്രിലിലെ വെടിനിർത്തലിന് ശേഷം വീണ്ടും ശക്തമായ സംഘർഷം ആരംഭിച്ചതോടെ അമേരിക്കൻ സൈന്യം തുടർച്ചയായി 13 രാത്രികൾ ഇറാനിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ വെള്ളി, ശനി രാത്രികളിൽ വ്യോമാക്രമണങ്ങളൊന്നും ഉണ്ടായില്ല.”രണ്ട് രാത്രികൾ മുമ്പുവരെ അമേരിക്കയുടെ ആക്രമണം തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് രാത്രികളായി അവർ ആക്രമണം നിർത്തിയിരിക്കുകയാണ്,” ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ പറഞ്ഞു.
അതേസമയം, യെമനിലെ ഹൂതികൾ ചെങ്കടൽ തീരത്തെ സൗദി അറേബ്യയുടെ എണ്ണസ്ഥാപനങ്ങൾ ആക്രമിച്ചതിനെ തുടർന്ന് ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഞായറാഴ്ച ഗണ്യമായി കുറഞ്ഞതായി കപ്പൽഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതവും വാരാന്ത്യത്തിൽ താഴ്ന്ന നിലയിൽ തുടർന്നു.ഞായറാഴ്ച ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെ 11 ചരക്കുകപ്പലുകൾ മാത്രമാണ് കടന്നുപോയത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതി തടയുകയെന്ന ലക്ഷ്യത്തോടെ ഇറാൻ അനുകൂല ഹൂതികൾ കഴിഞ്ഞ ആഴ്ച മുതൽ ചെങ്കടലിൽ ആക്രമണം ശക്തമാക്കിയതോടെ മേഖലയിൽ കപ്പൽഗതാഗതം കൂടുതൽ പ്രതിസന്ധിയിലായി. ഇതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെ നേരത്തേ തന്നെ ബാധിച്ചിരുന്ന അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ വ്യാപിക്കുകയാണെന്നാണ് വിലയിരുത്തൽ.
US halts attacks; Trump paves the way for talks, and Iran stops retaliatory strikes.













