
ഇസ്‌ലാമാബാദ്: വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടക്കേണ്ട രണ്ടാംഘട്ട സമാധാനചർച്ചകൾ അനിശ്ചിതത്വത്തിലായി. ഇന്ത്യൻ സമയം നാളെ രാവിലെ അഞ്ചരയ്ക്കാണ് നിലവിലെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കുന്നത്.
ഞായറാഴ്ച ഇറാൻ്റെ ചരക്കുകപ്പലായ ‘ടൗസ്ക’ യുഎസ് നാവികസേന പിടിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഈ നടപടിയെത്തുടർന്ന് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന കർശന നിലപാടിലാണ് ഇറാൻ. സമാധാനശ്രമങ്ങൾക്കിടെ യുഎസ് ഏകപക്ഷീയമായി പ്രകോപനം സൃഷ്ടിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു.
നിശ്ചിത സമയത്തിനകം ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ശക്തമാണ്. അന്താരാഷ്ട്ര സമൂഹത്തിൻ്റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും നിലപാടിൽ ഉറച്ചുനിൽക്കുന്നത് തിരിച്ചടിയാവുകയാണ്. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പറഞ്ഞു.
അതിനിടെ, ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തൻ്റെ മേൽ യാതൊരുവിധ സമ്മർദവുമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.‘‘കരാറിൽ ഏർപ്പെടാൻ എനിക്ക് മേൽ സമ്മർദം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഞാൻ വായിച്ചു. ഇത് സത്യമല്ല. യാതൊരുവിധ സമ്മർദവും എനിക്കില്ല. എങ്കിലും എല്ലാം താരതമ്യേന വേഗത്തിൽ തന്നെ സംഭവിക്കും’’ – ട്രംപ് വ്യക്തമാക്കി.
US-Iran peace talks in crisis; ceasefire to end tomorrow














