അമേരിക്ക-ഇറാൻ ചർച്ചകൾ; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ടെഹ്റാനിലെത്തി പാക് ആഭ്യന്തര മന്ത്രി

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ നിലച്ചുപോയ അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്താൻ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ, ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ബുധനാഴ്ച വീണ്ടും ടെഹ്റാനിലെത്തി. ഒരു ആഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇറാൻ സന്ദർശനമാണിത്. അമേരിക്ക-ഇറാൻ ചർച്ചകളുമായി ബന്ധപ്പെട്ട് ഇറാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് നഖ്വി ടെഹ്റാനിലെത്തിയതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഇസ്‌ലാമാബാദ് നേതൃത്വം നൽകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും നഖ്വിയുടെ സന്ദർശനം സ്ഥിരീകരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്ന് സർക്കാർ നിയന്ത്രിത പ്രസ്സ് ടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം, പാകിസ്താൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അമേരിക്ക-ഇറാൻ നയതന്ത്ര ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാകിസ്താൻ സാധാരണയായി മൗനം പാലിക്കാറുണ്ട്. കഴിഞ്ഞ സന്ദർശനത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരുമായി നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു ധാരണയിലേക്കെത്താനായില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ സന്ദർശനം. മറുവശത്ത്, “യുദ്ധത്തിലേക്കുള്ള മടങ്ങിവരവ് കൂടുതൽ അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിവെക്കും” എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറാഘ്ചി മുന്നറിയിപ്പ് നൽകി. ഇറാനെതിരായ കൂടുതൽ ആക്രമണങ്ങൾ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്ന വലിയ സംഘർഷത്തിലേക്ക് നയിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ, അമേരിക്കൻ ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് വ്യക്തമാക്കി. “നിലവിൽ കാര്യങ്ങൾ നല്ല നിലയിലാണ്,” എന്ന് അദ്ദേഹം വൈറ്റ് ഹൗസിൽ പറഞ്ഞു. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി അടുത്ത ബന്ധമുള്ള വ്യക്തിയായതിനാൽ നഖ്വിയുടെ ടെഹ്റാൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

US-Iran talks: Pak’s interior minister travels to Tehran for second time within a week

More Stories from this section

family-dental
witywide