തപാൽ വോട്ടിംഗിന് നിയന്ത്രണം: ട്രംപിന്റെ ഉത്തരവ് അമേരിക്കൻ കോടതി തടഞ്ഞു

ബോസ്റ്റൺ: തപാൽ മുഖേനയുള്ള (മെയിൽ-ഇൻ) വോട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ കോടതി തടഞ്ഞു. ബോസ്റ്റണിലെ യു.എസ്. ജില്ലാ ജഡ്ജി ഇന്ദിര തൽവാനിയാണ് ഉത്തരവ് നടപ്പാക്കുന്നത് വിലക്കിയത്. ഇതോടെ നവംബറിൽ നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തരവ് പ്രാബല്യത്തിൽ വരില്ല.

തിരഞ്ഞെടുപ്പ് നടത്തിപ്പ് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരമാണെന്നും അതിൽ ഇടപെടാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജി നിരീക്ഷിച്ചു.

ഓരോ സംസ്ഥാനത്തിനും വോട്ടർ അർഹതാ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പിന് നിർദേശം നൽകാൻ പ്രസിഡന്റിന് അധികാരമില്ലെന്നും, തപാൽ വോട്ടിംഗുമായി ബന്ധപ്പെട്ട നിർബന്ധിത ചട്ടങ്ങൾ നടപ്പാക്കാൻ യു.എസ്. തപാൽ വകുപ്പിനും നിയമപരമായ അനുമതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തരവ് നടപ്പാക്കരുതെന്നും കോടതി ഭരണകൂടത്തോട് നിർദേശിച്ചു. കോടതി ഉത്തരവ് പാലിക്കാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് അടുത്ത ആഴ്ച സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. ട്രംപിന്റെ ഉത്തരവ് നടപ്പായാൽ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ അടിയന്തര മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്നും അത് വോട്ടർമാരുടെ അവകാശത്തെ ബാധിക്കുമെന്നും സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചു.ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് വിധിയെ സ്വാഗതം ചെയ്തു. “വോട്ടവകാശം നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇന്നത്തെ വിധി ആ അവകാശത്തെ സംരക്ഷിക്കുന്നു,” അവർ പ്രതികരിച്ചു.

അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സൂചനയുണ്ട്. “പ്രസിഡന്റിന്റെ ഉത്തരവ് തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കുന്നതാണ്. ഒടുവിൽ ഞങ്ങൾ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്,” എന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

US judge blocks Trump’s executive order restricting mail-in voting

More Stories from this section

family-dental
witywide