“എന്നെ ചുമതലകളിൽ നിന്ന് ഒഴിവാക്കണം”; രാജി അംഗീകരിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ഷെഹ്സാദ് പൂനാവാല

ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ച ഷെഹ്സാദ് പൂനാ വാല, തന്റെ രാജി അംഗീകരിച്ച് സംഘടനാ ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് വീണ്ടും കത്ത് നൽകി. ബിജെപി ദേശീയ അധ്യക്ഷന് അയച്ച കത്ത് പൂനാവല്ല എക്സിലൂടെ പുറത്തുവിട്ടു. നേരത്തെ നൽകിയ രാജി അംഗീകരിക്കാതിരിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്ത പാർട്ടി നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു. എന്നാൽ നീണ്ട ആലോചനകൾക്ക് ശേഷം പാർട്ടി പദവിയിൽ നിന്നും സജീവ അംഗത്വത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പൂനാവാല വ്യക്തമാക്കി.

താൻ നേരത്തെ വിശദമായി പരാമർശിച്ച ചില വ്യക്തികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ് രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. 2021 അവസാനത്തോടെയാണ് പൂനാവാല ബിജെപിയിൽ ചേർന്നത്. പിന്നീട് പാർട്ടിയുടെ പ്രമുഖ ദേശീയ വക്താക്കളിലൊരാളായി മാറിയ അദ്ദേഹം ബിജെപിയിലെ ശ്രദ്ധേയമായ മുസ്ലിം മുഖവുമായിരുന്നു. അടിയന്തരമായ സാമ്പത്തികവും വ്യക്തിപരവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വകാര്യ മേഖലയിലേക്ക് മാറാനാണ് തീരുമാനമെന്ന് പൂനാവാല പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കാഴ്ചപ്പാടിനെയും പ്രവർത്തനങ്ങളെയും സാധ്യമാകുന്നിടത്തും സാധ്യമായ ഏത് രീതിയിലും തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ വിടുന്നത് വ്യവസ്ഥയെയാണ്, വ്യക്തിയെയോ ആശയത്തെയോ അല്ല എന്ന് പൂനാവല്ല പറഞ്ഞു. പാർട്ടി സംഘടനയിൽ നിന്ന് മാറിനിൽക്കുന്നത് മോദിയോടുള്ള തന്റെ രാഷ്ട്രീയ പിന്തുണയുടെയോ ബിജെപിയുടെ ആശയപരമായ നിലപാടുകളുടെയോ അവസാനമല്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. തന്റെ തീരുമാനം വിരോധത്തിന്റെ പേരിലല്ലെന്നും പൂനാവാല വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കളോടുള്ള നന്ദിയും സ്നേഹവും ആദരവും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാർട്ടി നൽകിയ വേദിക്കും അവസരങ്ങൾക്കും അദ്ദേഹം ബിജെപിയോട് നന്ദി പറഞ്ഞു..

38കാരനായ അഭിഭാഷകനും രാഷ്ട്രീയപ്രവർത്തകനുമായ പൂനാവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ വിമത നിലപാട് സ്വീകരിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധ നേടിയത്.തുടർന്ന് ബിജെപിയിൽ ചേർന്ന അദ്ദേഹം പാർട്ടിയുടെ ഏറ്റവും പരിചിതരായ ദേശീയ വക്താക്കളിലൊരാളായി. ടെലിവിഷൻ ചർച്ചകൾ, വാർത്താസമ്മേളനങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവയിൽ ബിജെപിയെ പ്രതിനിധീകരിച്ച് അദ്ദേഹം സജീവമായിരുന്നു.

2021ൽ ബിജെപിയുടെ ഡൽഹി ഐടി, സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. പാർട്ടിയുടെ പ്രമുഖ മുസ്ലിം മുഖമെന്ന നിലയിൽ വിവാദ വിഷയങ്ങളിൽ ബിജെപിയുടെ നിലപാട് വിശദീകരിക്കാനും പ്രതിപക്ഷത്തെ നേരിടാനുമായി പ്രധാന രാഷ്ട്രീയ ചർച്ചകളിൽ പൂനാവാലയെ പാർട്ടി രംഗത്തിറക്കിയിരുന്നു.

Relieve me: Shehzad Poonawalla presses BJP to accept resignation in 2nd letter

More Stories from this section

family-dental
witywide