അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചി ഹെലികോപ്റ്റർ തകർത്തതിന് മറുപടി നൽകുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റ മുന്നറിയിപ്പിന് പിന്നാലെ ഇറാനെതിരെ പുതിയ വ്യോമാക്രമണവുമായി അമേരിക്കൻ സൈന്യം. ഇറാന്റെ “അന്യായമായ ആക്രമണത്തിന് ആനുപാതികമായ മറുപടി” എന്ന നിലയിലാണ് നടപടി സ്വീകരിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിൽ വ്യക്തമാക്കി.
“അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചി ഹെലികോപ്റ്റർ വെടിവെച്ചിട്ട സംഭവത്തിന് മറുപടിയായി, കമാൻഡർ-ഇൻ-ചീഫിന്റെ നിർദേശപ്രകാരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വയം പ്രതിരോധ നടപടികളുടെ ഭാഗമായി ആക്രമണം ആരംഭിച്ചു. ഇത് ഇറാന്റെ അന്യായമായ ആക്രമണത്തിന് ആനുപാതികമായ പ്രതികരണമാണ്,” എന്ന് അമേരിക്കൻ സൈന്യത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
ഇറാനിയൻ വാർത്താ ഏജൻസികളായ മെഹർ, ഫാർസ് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം ഹോർമോസ്ഗാൻ പ്രവിശ്യയിലെ കൂഹെസ്താക്, സിറിക്, മിനാബ്, ബന്ദർ അബ്ബാസ് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു. സ്ഫോടനങ്ങളുടെ കൃത്യമായ സ്ഥലം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ ആക്രമണം അമേരിക്കയും ഇറാന തമ്മിലുള്ള വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.
ഒരു ഇറാനിയൻ ഏകദിശ ആക്രമണ ഡ്രോണാണ് അപ്പാച്ചി ഹെലികോപ്റ്റർ തകർത്തതെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പറയുന്നതനുസരിച്ച്, ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് ഹെലികോപ്റ്റർ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് സൈനികരെ സമുദ്ര ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അമേരിക്കൻ സൈന്യം അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് AH-64 അപ്പാച്ചി ഹെലികോപ്റ്റർ തകർന്നുവീണതെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി , ഹോർമുസ് കടലിടുക്ക് അമേരിക്കൻ തീരങ്ങളിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെയാണെന്ന് ചൂണ്ടിക്കാട്ടി.”ഞങ്ങളുടെ പ്രദേശത്തിന് സമീപമുള്ള വിദേശ സൈനിക സാന്നിധ്യം മനുഷ്യ പിഴവുകളാലോ അപകടങ്ങളാലോ അല്ലെങ്കിൽ വെടിവെപ്പുകൾക്കിടയിൽപ്പെടുന്നതിനാലോ നിരന്തരം അപകടസാധ്യത നേരിടുകയാണ്. അപകടസാധ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം അവർ ഇവിടെ നിന്ന് പിന്മാറുന്നതാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസെം ഘരിബാബാദി, ഹോർമുസ് കടലിടുക്കിൽ തകർന്ന ഹെലികോപ്റ്റർ ഇറാൻ മനഃപൂർവം ലക്ഷ്യമിട്ടതല്ലെന്ന് പ്രതികരിച്ചു. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും വീണ്ടും ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ സംഭവം ഉണ്ടായത്. ഇതോടെ രണ്ട് മാസം നീണ്ടുനിന്നിരുന്ന വെടിനിർത്തൽ കരാർ കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്.
US military launches fresh strikes on Iran after Trump’s warning, explosions in Sirik, Minab, Bandar Abbas









