
വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച എണ്ണ ടാങ്കറിന് നേരെ യുഎസ് സേന മിസൈലാക്രമണം നടത്തി. ബോട്സ്വാനയുടെ പതാകയേന്തിയ ‘എം/ടി ലെക്സി’ എന്ന കപ്പലിന് നേരെയാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. യുഎസ് യുദ്ധവിമാനത്തിൽ നിന്ന് തൊടുത്ത ഹെൽഫയർ മിസൈൽ കപ്പലിൻ്റെ എഞ്ചിൻ റൂമിൽ പതിച്ച് കപ്പൽ പൂർണ്ണമായും പ്രവർത്തനരഹിതമായി.
ഇറാനിലെ ഖാർഗ് ദ്വീപ് ലക്ഷ്യമാക്കിയാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് 24 മണിക്കൂറിനിടെ യുഎസ് സേന നൽകിയ മുന്നറിയിപ്പുകൾ കപ്പൽ ജീവനക്കാർ പലതവണ അവഗണിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തിൻ്റെ ദൃശ്യങ്ങളും യുഎസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയാൻ ഏപ്രിൽ 13 മുതലാണ് യുഎസ് നാവിക ഉപരോധം ആരംഭിച്ചത്. ഇതിനുശേഷം ഇതുവരെ 6 വാണിജ്യ കപ്പലുകൾ യുഎസ് തകർക്കുകയും 122 കപ്പലുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബോട്സ്വാന സർക്കാരിൻ്റെ പ്രതികരണം ലഭ്യമായിട്ടില്ല.
US missile attack on oil tanker heading towards Iran: Ship destroyed















