ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്

ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 2 കോടി ഡോളർ (ഏകദേശം 180 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്. വിവരം നൽകുന്ന വ്യക്തിക്ക് ആവശ്യമെങ്കിൽ മറ്റൊരു രാജ്യത്തേക്ക് താമസം മാറ്റുന്നതിനുള്ള സൗകര്യവും യുഎസ് വിദേശകാര്യ വകുപ്പിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും തകർത്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇറാന്റെ നിലപാട്.

അതേസമയം, അതിർത്തികളിലൂടെ ഇറാൻ ആയുധങ്ങളും ഉപരോധം ഏർപ്പെടുത്തിയ വസ്തുക്കളും കടത്തുന്നത് തടയുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കാൻ യുഎസ് സൈന്യം പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നുണ്ട്. ഫ്ലോറിഡയിലെ ടാമ്പ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്’ മറ്റ് യുഎസ് സർക്കാർ ഏജൻസികളുമായി സഹകരിച്ചാകും പ്രവർത്തിക്കുകയെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. ആയുധക്കടത്തിന് പുറമെ ഇരട്ട ഉപയോഗത്തിനുള്ള വസ്തുക്കളുടെയും നിയമവിരുദ്ധ വരുമാന മാർഗങ്ങളുടെയും നീക്കവും സംഘം നിരീക്ഷിക്കും. ഇറാൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം വഴി 2,500 കോടി ഡോളറിലധികം മൂല്യമുള്ള അസംസ്കൃത എണ്ണ കയറ്റുമതി തടയാനായെന്നാണ് സെന്റ്കോമിന്റെ കണക്ക്.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ, ഉപകരണങ്ങൾ, ഉദ്യോഗസ്ഥർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പാരിതോഷിക പദ്ധതിയിലൂടെ യുഎസ് തേടുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇറാൻ വീഴ്ച വരുത്തിയതിനാൽ രാജ്യത്തിന്റെ ആണവ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണ വിവരങ്ങളുടെ തുടർച്ച നഷ്ടപ്പെട്ടതായി യുഎസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ ആരോപിച്ചു.

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിന്റെ കാര്യത്തിൽ തനിക്ക് തിടുക്കമില്ലെന്ന് തിരഞ്ഞെടുപ്പിന് മുൻപ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുള്ള ഭൂഗർഭ കേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ ലക്ഷ്യമിട്ട് ആക്രമണം നടത്തേണ്ടിവന്നേക്കാമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്ന വലിയ കാര്യമല്ല അതെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുദ്ധത്തോടുള്ള പൊതുജനങ്ങളുടെ എതിർപ്പ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സമ്മതിച്ചിരുന്നു.

എട്ടുമാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സൈനിക ശേഷിക്കും കനത്ത നാശമുണ്ടായിട്ടുണ്ടെന്നും കരാറിലെത്താൻ ഇറാൻ വലിയ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഇരുരാജ്യങ്ങളും മുന്നോട്ടുവച്ച നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നും സമവായത്തിലെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ചൊവ്വാഴ്ച അറിയിച്ചു. അമേരിക്കയുടെ ഏഴ് നിബന്ധനകൾ അംഗീകരിച്ചാൽ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന നിർദേശം ഇറാൻ ചർച്ചകളിൽ മധ്യസ്ഥർക്ക് മുന്നിൽ വെച്ചതായും റിപ്പോർട്ടുകളുണ്ട്.

US offers $20m reward for information about Iran’s nuclear programme

More Stories from this section

family-dental
witywide