മധ്യ ജപ്പാനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ കുറഞ്ഞത് 22 പേർക്ക് പരിക്കേറ്റു. കടകളുടെ ജനൽച്ചില്ലുകൾ തകരുകയും ആളുകൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു.ജപ്പാൻ കാലാവസ്ഥാ ഏജൻസി ഭൂചലനത്തിന്റെ തീവ്രത 5.7 ആയും യുഎസ് ജിയോളജിക്കൽ സർവേ 5.5 ആയും രേഖപ്പെടുത്തി. തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐചി പ്രിഫെക്ചർ ഉൾപ്പെടെയുള്ള വിശാലമായ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹമാമത്സു നഗരം, പുരാതന തലസ്ഥാനങ്ങളായ ക്യോട്ടോ, നാര, യമനാഷി, ഗിഫു മേഖലകളെയും ചലനം ബാധിച്ചു. ഫുജി പർവതം സ്ഥിതി ചെയ്യുന്നത് യമനാഷിയിലാണ്.
കടകളുടെ ചില്ലുകൾ തകർന്നതും റോഡുകളിൽ ചില്ലുകഷണങ്ങൾ ചിതറിക്കിടക്കുന്നതും ജപ്പാൻ ടെലിവിഷൻ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം. ഒരു പുസ്തകശാലയിലെ പുസ്തകങ്ങൾ അലമാരകളിൽനിന്ന് താഴെ വീണ് ചിതറിക്കിടന്നു. ഭൂചലനത്തെത്തുടർന്ന് പുറത്തേക്ക് ഓടുന്നതിനിടെ പടികളിൽനിന്ന് വീണവർക്കും പരിക്കേറ്റു. ഷിസുവോക പ്രിഫെക്ചറിൽ ഞായറാഴ്ച പുലർച്ചെ 1.04നാണ് ഭൂചലനമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ടോക്കിയോയിൽ ഭൂചലനം അനുഭവപ്പെട്ടില്ല. ഐചി മേഖലയിലാണ് ഏറ്റവും ശക്തമായ ചലനം രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ, പ്രത്യേകിച്ച് രണ്ടുമുതൽ മൂന്നുദിവസം വരെ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ, പാറകൾ വീഴൽ, മഴയെ തുടർന്നുണ്ടാകാവുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഏജൻസി ഉദ്യോഗസ്ഥൻ അയതാക എബിറ്റ മുന്നറിയിപ്പ് നൽകി. അതേസമയം, വൻ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുള്ള നങ്കായ് ട്രഫ് മേഖലയിൽ ഇതുവരെ അസാധാരണ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി ബാധിത മേഖലകളിൽ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനുകൾ കുറഞ്ഞ വേഗത്തിലാണ് സർവീസ് നടത്തുന്നത്. ഭൂചലനത്തെ തുടർന്ന് റെയിൽപ്പാതകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഭൂചലന സാധ്യത കൂടുതലുള്ള മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ കുപ്പിവെള്ളം, ഭക്ഷണം, ബാറ്ററികൾ എന്നിവ കരുതിവയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ മേശകൾക്കടിയിൽ അഭയം തേടാനുള്ള തയ്യാറെടുപ്പുകൾ നടത്താനും അധികൃതർ ജനങ്ങളോട് നിർദേശിക്കാറുണ്ട്.
Central Japan hit by powerful earthquake; 22 injured as store windows shatter, people flee buildings












