ഇറാനുമായുള്ള യുദ്ധം കൂടുതൽ രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ കൂടുതൽ നടപടികളിലേക്ക് കടന്നേക്കാമെന്നും ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവദിക്കാനാവില്ല. മുൻ പ്രസിഡന്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാനാണ് ചെയ്യുന്നത്. ഇറാനെ ഞങ്ങൾ ശക്തമായി തകർത്തു. ഇനിയും കുറച്ചുകൂടി മുന്നോട്ടുപോയേക്കാം. യുഎസ് ഇറാനെ ശക്തമായി തകർത്തുവെന്നും മുൻ പ്രസിഡന്റുമാർ ഏറെക്കാലം മുമ്പുതന്നെ സമാനമായ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, അയോവയിലെ സിയൂക്സ് സിറ്റിയിലുള്ള സിയൂക്സ് ഗേറ്റ്വേ വിമാനത്താവളത്തിൽ നടന്ന പ്രചാരണ റാലിയിൽ, ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്നും അതോടെ ഇന്ധനവില കുറയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധം ഹോർമുസ് കടലിടുക്ക് ഉപരോധിക്കപ്പെടുന്നതിനും പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനും കാരണമായി. കപ്പലുകൾക്കുനേരെ ആക്രമണങ്ങൾ തുടരുന്നതിനിടെ സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട്.
എന്നാൽ, യുഎസും ഇസ്രയേലും ഇറാനിൽ വീണ്ടും ആക്രമണം നടത്തിയാൽ തിരിച്ചടി വ്യാപിപ്പിക്കുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങൾക്കു പുറമെ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ, പൈപ്പ്ലൈനുകൾ, മറ്റ് സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയും ലക്ഷ്യമിടുമെന്ന് ഇറാൻ അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനും അമേരിക്കൻ വ്യോമതാവളങ്ങൾക്കും എംബസികൾക്കും ഇറാൻ കനത്ത നാശം വരുത്തിയിരുന്നു.
യുഎഇയിലെ ഊർജ, വ്യവസായ കേന്ദ്രങ്ങൾ, ഖത്തറിലെ പ്രധാന വാതക പ്ലാന്റ്, ദുബായ്, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി.പുതിയ ഏറ്റുമുട്ടൽ ഉണ്ടായാൽ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണങ്ങൾ തടയാൻ യുഎസും അറബ് രാജ്യങ്ങളും ഉപയോഗിക്കുന്ന വ്യോമപ്രതിരോധ മിസൈലുകളുടെ ശേഖരം കുറഞ്ഞുവരുന്നതിനിടെയാണ് ഈ ഭീഷണി. ഇസ്രയേലും പ്രതിരോധ മിസൈലുകളുടെ ലഭ്യതയിൽ സമ്മർദം നേരിടുന്നുണ്ട്.
ആക്രമണങ്ങൾ പുനരാരംഭിക്കുന്നത് സാധാരണക്കാരുടെ ജീവനും മേഖലയിലെ രാജ്യങ്ങളുടെ ക്ഷേമത്തിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും വലിയ അപകടമുണ്ടാക്കും എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകി. ഇറാന്റെ കൈവശം നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വരെ ബാലിസ്റ്റിക് മിസൈലുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശേഖരത്തിലുള്ള ഘടകങ്ങളും ഭൂഗർഭ കേന്ദ്രങ്ങളും ഉപയോഗിച്ച് ഇറാൻ പരിമിതമായ തോതിൽ മിസൈൽ ഉൽപ്പാദനം പുനരാരംഭിച്ചിട്ടുണ്ടെന്നാണ് യുഎസ്, പ്രാദേശിക ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ.
US President Donald Trump has warned of a further escalation in the war with Iran, saying he may “go a little further” to ensure Tehran never acquires a nuclear weapon











