ഇറാനായി ആയുധങ്ങൾ വാങ്ങിയെന്ന് ആരോപണം; 10 പേർക്കും സ്ഥാപനങ്ങൾക്കും യുഎസ് ഉപരോധം

വാഷിങ്ടൺ: ഇറാനുവേണ്ടി ആയുധങ്ങളും ആയുധ ഘടകങ്ങളും വാങ്ങാൻ സഹായിച്ചെന്നാരോപിച്ച് ചൈന, ഹോങ്കോങ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 10 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. യുഎസ് ട്രഷറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയും യുഎസ്–ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് സമ്മർദം ചെലുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്.

“ഇറാൻ ഭരണകൂടത്തിന് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുന്നത് ട്രഷറി അംഗീകരിക്കില്ല. ഇറാനെ സഹായിക്കുന്നവരെ കണ്ടെത്തുകയും പുറത്തുകൊണ്ടുവരികയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് തുടരും,” എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇറാന്റെ ആയുധ പദ്ധതികൾ പുനഃസംഘടിപ്പിക്കാനുള്ള ശേഷി കുറയ്ക്കുന്നതിനും ആയുധ സംഭരണത്തിന് സഹായിക്കുന്നവരുടെ ചെലവ് വർധിപ്പിക്കുന്നതിനുമാണ് ഉപരോധമെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി.

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെയും സായുധ സേനാ ലോജിസ്റ്റിക്സ് വിഭാഗത്തിന്റെയും ബെയ്ജിങ് ആസ്ഥാനമായ പ്രതിനിധി സയ്യിദ് അസ്ഗർ അലിസാദെ തബതബായിയാണ് ഉപരോധം നേരിടുന്നവരിൽ ഒരാൾ. ഇറാനുവേണ്ടി ചൈനയിൽനിന്ന് ആയുധ സംവിധാനങ്ങളും ഇരട്ട ഉപയോഗത്തിന് സാധിക്കുന്ന ഘടകങ്ങളും വാങ്ങാൻ ഇയാൾ ഏകോപനം നടത്തിയെന്നാണ് യുഎസ് ആരോപണം. ഇറാൻ ആസ്ഥാനമായ കവോഷ്കോം ഏഷ്യ ആർ ആൻഡ് ഡി ഗ്രൂപ്പിനെയും ഉപരോധിച്ചു. ഇറാൻ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഇൻഡസ്ട്രിയൽ കമ്പനിക്കായി കണക്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങൾ വാങ്ങിയെന്നാണ് ആരോപണം.

കവോഷ്കോമിന്റെ ആയുധ സംഭരണത്തിന് ഇലക്ട്രോണിക് ഘടകങ്ങൾ നൽകിയെന്ന് ആരോപിക്കപ്പെടുന്ന ഹോങ്കോങ് ആസ്ഥാനമായ ഇ.സി. മോജോ ടെക്നോളജി കമ്പനി ലിമിറ്റഡിനെയും ചൈനയിലെ കമ്പനിയുടെ പ്രതിനിധി ലി ഫെനെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. പാകിസ്ഥാൻ ആസ്ഥാനമായ സ്വകാര്യ പ്രതിരോധ കമ്പനിയായ കവലിയർ ഗ്രൂപ്പിന്റെ ചെയർമാൻ വസീം പാഷ തജമ്മലിനെയും ഉപരോധിച്ചിട്ടുണ്ട്. അതേസമയം, പുതിയ ഉപരോധം ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ശേഷിയെ കാര്യമായി ബാധിക്കില്ലെന്ന് ഒബ്സിഡിയൻ റിസ്ക് അഡ്വൈസേഴ്സ് മാനേജിങ് പ്രിൻസിപ്പൽ ബ്രെറ്റ് എറിക്സൺ പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ നടപടിയെന്ന പ്രതീതി സൃഷ്ടിക്കാനുള്ള നീക്കമാണിതെന്നും യഥാർഥത്തിൽ ഇറാന്റെ ആയുധശേഷിയെ കാര്യമായി ബാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.

US sanctions 10 over allegedly procuring weapons for Iran

More Stories from this section

family-dental
witywide