
ന്യൂയോർക്ക്: പണപ്പെരുപ്പവും വിലക്കയറ്റവും ഉപഭോക്താക്കളുടെ ചെലവഴിക്കൽ ശേഷിയെ ബാധിക്കുന്നതിനിടയിലും 2026ലെ ബ്ലാക്ക് ഫ്രൈഡേ വിൽപനയിൽ ആഗോളതലത്തിൽ റെക്കോർഡ് നേട്ടം. പരമ്പരാഗത ഷോപ്പിങ് കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞപ്പോഴും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മികച്ച ഓഫറുകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകളെ ഉപഭോക്താക്കൾ വ്യാപകമായി ആശ്രയിച്ചതും വിൽപന കുതിച്ചുയരാൻ സഹായിച്ചു.
സെയിൽസ്ഫോഴ്സിന്റെ കണക്കുകൾ പ്രകാരം ആഗോള ഓൺലൈൻ വിൽപന 82.7 ബില്യൻ ഡോളറിലെത്തി. അമേരിക്കയിൽ മാത്രം ബ്ലാക്ക് ഫ്രൈഡേ ദിനത്തിലെ ഓൺലൈൻ വിൽപന മുൻവർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വർധിച്ച് 13.1 ബില്യൻ ഡോളറായി. 12.9 ബില്യൻ ഡോളറായിരുന്നു വിപണി വിദഗ്ധരുടെ ആദ്യ പ്രവചനം. എന്നാൽ ഉപഭോക്താക്കളുടെ ഓൺലൈൻ ഷോപ്പിങ് താൽപര്യം പ്രതീക്ഷകളെ മറികടന്നു.
യുകെയിൽ ബ്ലാക്ക് ഫ്രൈഡേ വിൽപന 6.6 ബില്യൻ പൗണ്ട് കടക്കുമെന്നാണ് പിഡബ്ല്യുസിയുടെ വിലയിരുത്തൽ. ജർമനിയിൽ 6.2 ബില്യൻ യൂറോയുടെയും ഓസ്ട്രേലിയയിൽ 7.2 ബില്യൻ ഓസ്ട്രേലിയൻ ഡോളറിന്റെയും വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്. താങ്ക്സ്ഗിവിങ് മുതൽ സൈബർ മൺഡേ വരെയുള്ള സൈബർ വീക്കിൽ ആഗോള ഓൺലൈൻ വിൽപന 357 ബില്യൻ ഡോളറിലെത്തുമെന്നും സെയിൽസ്ഫോഴ്സ് കണക്കാക്കുന്നു.
ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുന്നോടിയായുള്ള താങ്ക്സ്ഗിവിങ് ദിനത്തിൽ അമേരിക്കയിൽ മാത്രം 7.1 ബില്യൻ ഡോളറിന്റെ ഓൺലൈൻ വിൽപന നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് 10.4 ശതമാനമാണ് വർധന. അതേസമയം, നേരിട്ടുള്ള റീട്ടെയിൽ കടുകളിലെ സന്ദർശകരുടെ എണ്ണത്തിൽ 2.2 ശതമാനം ഇടിവുണ്ടായി. ഏകദേശം 930 ദശലക്ഷം സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും മൊത്തം റീട്ടെയിൽ വിൽപനയിൽ 5.8 ശതമാനം വളർച്ചയുണ്ടായി.
എഐ അധിഷ്ഠിത ഗാഡ്ജെറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാരുണ്ടായത്. ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ മേഖലകളിൽ ഏകദേശം എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. ആഡംബര ഉൽപന്നങ്ങൾക്കുപകരം വൻ വിലക്കുറവിൽ ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വാങ്ങാനാണ് നിരവധി ഉപഭോക്താക്കൾ താൽപര്യം പ്രകടിപ്പിച്ചത്. വീട്ടുപകരണങ്ങൾ, ശുചീകരണ സാമഗ്രികൾ, വളർത്തുമൃഗങ്ങൾക്കുള്ള ഉൽപന്നങ്ങൾ, വ്യക്തിഗത ശുചിത്വ വസ്തുക്കൾ എന്നിവയുടെ വിൽപനയും ഉയർന്നു.
വിൽപനയിലെ രഹസ്യ ആയുധമായി എഐ
ഓൺലൈൻ ഷോപ്പിങ്ങിൽ ഇത്തവണ നിർണായകമായത് എഐ ടൂളുകളുടെ ഇടപെടലാണ്. മികച്ച ഓഫറുകൾ കണ്ടെത്താനും ഉൽപന്നങ്ങൾ താരതമ്യം ചെയ്യാനും എഐ ഷോപ്പിങ് സംവിധാനങ്ങളെ ഉപഭോക്താക്കൾ വ്യാപകമായി ഉപയോഗിച്ചു. ഇത്തരം എഐ പ്ലാറ്റ്ഫോമുകളിലൂടെ എത്തിയ ഉപഭോക്താക്കൾ ഉൽപന്നങ്ങൾ വാങ്ങാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 68 ശതമാനം കൂടുതലായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
‘ബൈ നൗ, പേ ലേറ്റർ’ (Buy Now, Pay Later) സംവിധാനവും വിൽപന വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പണം ഒരുമിച്ച് ചെലവഴിക്കാതെ തവണകളായി പണമടച്ച് ഉൽപന്നങ്ങൾ വാങ്ങാനുള്ള സൗകര്യം കൂടുതൽ പേരെ ഷോപ്പിങ്ങിലേക്ക് ആകർഷിച്ചു.
ബ്ലാക്ക് ഫ്രൈഡേയ്ക്ക് പിന്നാലെ എത്തുന്ന സൈബർ മൺഡേയിലും വൻ വിൽപനയാണ് പ്രതീക്ഷിക്കുന്നത്. അന്ന് അമേരിക്കയിലെ ഓൺലൈൻ വിൽപന 15.1 ബില്യൻ ഡോളറിലെത്തുമെന്നാണ് അഡോബി അനലിറ്റിക്സിന്റെ പ്രവചനം. അഞ്ച് ദിവസത്തെ ആകെ ഓൺലൈൻ വിൽപന 47.5 ബില്യൻ ഡോളർ കടക്കുമെന്നും വിലയിരുത്തുന്നു.















