ഗുജറാത്ത് സ്വദേശിയായ വിസ തട്ടിപ്പ് സംഘത്തലവന് 10 വർഷം ഫെഡറൽ തടവുശിക്ഷ

അമേരിക്കയിൽ നിയമപരമായ കുടിയേറ്റ പദവി നേടാൻ ആഗ്രഹിച്ച വിദേശികളെ വ്യാജ കുറ്റകൃത്യങ്ങളുടെ ഇരകളായി ചിത്രീകരിച്ച് യു വിസ (U Visa) ലഭ്യമാക്കാൻ ശ്രമിച്ച വൻ കുടിയേറ്റ തട്ടിപ്പ് കേസിൽ മുഖ്യപ്രതിക്ക് 10 വർഷം ഫെഡറൽ തടവുശിക്ഷ. കേസിൽ പങ്കാളികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷയും കോടതി വിധിച്ചു.

ലൂസിയാനയിലെ ഓക്ഡെയിൽ സ്വദേശിയായ 40-കാരൻ ചന്ദ്രകാന്ത് ‘ലാലാ’ പട്ടേലിനാണ് (Chandrakant “Lala” Patel) 120 മാസം തടവുശിക്ഷ ലഭിച്ചത്. വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണം കൈമാറിയതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. മേയ് 28-ന് കുറ്റം സമ്മതിച്ച പട്ടേൽ ജയിൽശിക്ഷ പൂർത്തിയാക്കിയശേഷം അമേരിക്കയിൽനിന്ന് നാടുകടത്തപ്പെടും.

കേസിൽ പങ്കാളികളായ നാല് പേർക്കും 60 മാസം വീതം ഫെഡറൽ തടവുശിക്ഷയാണ് ലഭിച്ചത്.

വ്യാജ കവർച്ചാ റിപ്പോർട്ടുകൾ ഉപയോഗിച്ച് യു വിസ തട്ടിപ്പ്

കോടതി രേഖകൾ പ്രകാരം 2020 നവംബർ മുതൽ 2025 ജൂലൈ വരെയാണ് തട്ടിപ്പ് നടന്നത്. അമേരിക്കയിൽ നിയമപരമായ കുടിയേറ്റ പദവി നേടാൻ ആഗ്രഹിച്ച വിദേശികളെ കണ്ടെത്തി അവരിൽനിന്ന് പണം വാങ്ങിയായിരുന്നു പട്ടേൽ തട്ടിപ്പ് ആസൂത്രണം ചെയ്തത്. യഥാർഥത്തിൽ നടക്കാത്ത സായുധ കവർച്ചകളുടെ ഇരകളായി ഇവരെ ചിത്രീകരിച്ച് യു വിസയ്ക്കുള്ള അപേക്ഷകൾ തയ്യാറാക്കുകയായിരുന്നു.

ഇതിനായി ഗ്ലെൻമോർ, ഓക്ഡെയിൽ, ഫോറസ്റ്റ് ഹിൽ എന്നീ പ്രദേശങ്ങളിലെ പോലീസ് മേധാവികളെയും ഒരു മാർഷലിനെയും പട്ടേൽ കൂട്ടുപിടിച്ചു. ഇവർ വ്യാജ പോലീസ് റിപ്പോർട്ടുകൾ തയ്യാറാക്കുകയും കുടിയേറ്റ അപേക്ഷകൾക്കാവശ്യമായ രേഖകളിൽ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ഔദ്യോഗിക പദവിയും അധികാരവും ദുരുപയോഗം ചെയ്താണ് പോലീസ് ഉദ്യോഗസ്ഥർ വ്യാജരേഖകൾക്ക് വിശ്വാസ്യത നൽകിയത്. യു വിസ അപേക്ഷകൾക്കാവശ്യമായ രേഖകൾ തപാൽ വഴിയും മറ്റ് അന്തർസംസ്ഥാന കൊറിയർ സംവിധാനങ്ങൾ വഴിയും കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.

എന്താണ് യു വിസ?

അമേരിക്കയിൽ ചില പ്രത്യേക ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയും അവയുടെ അന്വേഷണത്തിലോ പ്രോസിക്യൂഷനിലോ നിയമപാലക ഏജൻസികളുമായി സഹകരിക്കുകയും ചെയ്യുന്ന യോഗ്യരായ വിദേശികൾക്ക് നൽകുന്ന കുടിയേറ്റ ആനുകൂല്യമാണ് യു നോൺഇമിഗ്രന്റ് വിസ അഥവാ യു വിസ (U Nonimmigrant Visa).

എന്നാൽ യഥാർഥത്തിൽ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാത്തവരെ വ്യാജ പോലീസ് റിപ്പോർട്ടുകളിലൂടെ ഇരകളായി ചിത്രീകരിച്ച് ഈ വിസ നേടാൻ ശ്രമിച്ചതാണ് കേസിലെ പ്രധാന കുറ്റം.

വിവിധ ഫെഡറൽ ഏജൻസികളുടെ സംയുക്ത അന്വേഷണം

യുഎസ് അറ്റോർണി സക്കറി എ. കെല്ലറാണ് ശിക്ഷാവിധികൾ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (HSI), ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), ഇന്റേണൽ റവന്യൂ സർവീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (IRS-CI), യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) ഫ്രോഡ് ഡിറ്റക്ഷൻ ആൻഡ് നാഷണൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തിയത്.

‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’യുടെ ഭാഗമായി ഹോംലാൻഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കുടിയേറ്റ ആനുകൂല്യങ്ങൾ നേടുന്നതിനായി വ്യാജരേഖകൾ തയ്യാറാക്കുന്നതും സമർപ്പിക്കുന്നതും ഗുരുതരമായ ഫെഡറൽ കുറ്റകൃത്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പദവിയിലുള്ളവർ ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായാൽ അവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ കേസിലെ ശിക്ഷാവിധികൾ.