ന്യൂയോർക്ക്: ഖലിസ്ഥാൻ അനുകൂല നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് 24 വർഷത്തിലേറെ തടവ് നൽകണമെന്ന് യുഎസ് പ്രോസിക്യൂഷൻ. 293 മാസം തടവാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയോട് ആവശ്യപ്പെട്ടത്. നവംബർ 20നാണ് ശിക്ഷ വിധിക്കുക. എന്നാൽ, 12 വർഷം തടവ് മതിയെന്നാണ് ഗുപ്തയുടെ അഭിഭാഷകരുടെ ആവശ്യം.
കേസിൽ കുറ്റം സമ്മതിച്ച ഗുപ്ത, ഗൂഢാലോചനയിലെ തന്റെ പങ്കിൽ ഖേദിക്കുന്നതായി ജഡ്ജി വിക്ടർ മറേറോയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. 2023ൽ ചെയ്ത തെറ്റുകൾ തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്റെ ജീവിതത്തെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പണം നൽകി കൊലപാതകം നടത്താനുള്ള ഗൂഢാലോചന, കൊലപാതകത്തിന് പണം നൽകൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഗുപ്ത സമ്മതിച്ചത്. ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാഷ് യാദവിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതെന്നാണ് യുഎസ് അന്വേഷണ ഏജൻസികളുടെ ആരോപണം. എന്നാൽ, ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാരിന് പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
യാദവിൽനിന്ന് സമ്മർദം നേരിട്ടാണ് ഗുപ്ത ഗൂഢാലോചനയിൽ പങ്കാളിയായതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കുറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. കോടതി പ്രൊബേഷൻ വിഭാഗവും 12 വർഷം തടവാണ് ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ, അമേരിക്കൻ പൗരനെ അമേരിക്കൻ മണ്ണിൽ കൊലപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനയിൽ ഗുപ്ത നിർണായക പങ്കുവഹിച്ചെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആയുധ, മയക്കുമരുന്ന് ഇടപാടുകളിലൂടെ ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ഗുപ്തയെ നയിച്ചതെന്നും മദ്യപാനം തീരുമാനങ്ങളെ സ്വാധീനിച്ചെന്ന വാദം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ഗൂഢാലോചന തന്റെ ജീവിതത്തെ ഗുരുതരമായി ബാധിച്ചെന്നും 1,200 ദിവസമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ കഴിയേണ്ടിവന്നെന്നും പന്നൂൻ കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറഞ്ഞു. ഗുപ്തയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അമേരിക്ക നൽകിയ വിവരങ്ങൾ ഗൗരവമായി പരിഗണിച്ച് 2023 നവംബറിൽ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നുവെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സമിതി ശുപാർശ ചെയ്തതായും 2025 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
US seeking 24-year jail term for Nikhil Gupta over alleged Pannun murder plot, defence wants 12 years










