ഇറാൻ യുദ്ധത്തിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഒരു അമേരിക്കൻ സൈനികൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ യുദ്ധത്തിനിടെ പശ്ചിമേഷ്യയിൽ 23 യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് പെന്റഗണിന്റെ കണക്ക്. കൺസർവേറ്റീവ് റേഡിയോ അവതാരകൻ ഹ്യൂ ഹെവിറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. ഇറാനെതിരായ സൈനിക നീക്കത്തെ ന്യായീകരിച്ചുകൊണ്ട്, കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഒരു സൈനികനെയും നഷ്ടപ്പെട്ടിട്ടില്ല. ഗൾഫ് ഞങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് ട്രംപ് വ്യക്തമാക്കി.
എന്നാൽ വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം യുദ്ധത്തിനിടെ 23 അമേരിക്കൻ സൈനികരാണ് പശ്ചിമേഷ്യയിൽ കൊല്ലപ്പെട്ടത്. ഇതിൽ 11 പേർ ശത്രുക്കളുടെ ആക്രമണത്തിലും 12 പേർ മറ്റ് കാരണങ്ങളാലുമാണ് മരിച്ചത്. ട്രംപ് പരാമർശിച്ച അഞ്ചുമാസ കാലയളവിൽ ജൂലൈയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു.
ജോർദാനിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖിലെ വ്യോമതാവളത്തിൽ ഡ്രോൺ നിയന്ത്രിതമായി പൊട്ടിത്തെറിക്കുന്നതിനിടെയും ഒരു സൈനികൻ മരിച്ചു. അറബിക്കടലിൽ വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെയാണ് നാവികസേനാ ക്യാപ്റ്റൻ മരിച്ചത്. യുദ്ധം ആരംഭിച്ചതിനുശേഷം ശത്രുക്കളുടെ ആക്രമണങ്ങളിൽ 865 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒക്ടോബർ 29-ലെ റിപ്പോർട്ടിൽ വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കിയിരുന്നു.
മറ്റൊരു അഭിമുഖത്തിൽ, യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടി വൈകിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ വലിയ നിക്ഷേപമുള്ള ഈ രാജ്യങ്ങൾ നിലവിലെ തന്ത്രത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എനിക്ക് യുദ്ധം ഉടൻ അവസാനിപ്പിക്കാനാകും. എന്നാൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് കുറച്ചുകൂടി സമയമെടുത്താണ് മുന്നോട്ടുപോകുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് കാത്തിരിക്കാനാണ് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടതെന്നും എന്നാൽ അവരുടെ നിലപാടിനോട് തനിക്ക് പൂർണ യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trump claims US hasn’t ‘lost a soldier in five months’ despite multiple reported deaths in Iran war










