അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രയേൽ മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ട്. ഇസ്രയേലി പത്രമായ ഇസ്രയേൽ ഹയോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടുകയും കരാറിനുള്ള സാധ്യത മങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് പുറത്തുവന്നത്. ട്രംപിനെയും ഭരണകൂടത്തിലെ ഉന്നതരെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് സിഐഎയ്ക്ക് കൈമാറിയതായി ഇസ്രയേൽ, അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
അമേരിക്കൻ ഏജൻസികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മൊസാദ് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. മൊസാദ് മേധാവി റോമൻ ഗോഫ്മാൻ നിലവിൽ അമേരിക്കയിലുണ്ട്. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിലുണ്ട്. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിനുള്ള സാധ്യതയും രഹസ്യവിവരങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. സാധാരണ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങൾ തടയുക പ്രയാസമാണെന്നാണ് വിലയിരുത്തൽ.
ഭീഷണിയുള്ളതായി കരുതുന്ന ഉദ്യോഗസ്ഥരുടെ പൊതുപരിപാടികൾ കുറച്ചിട്ടുണ്ട്. ചിലരെ വീടുകളിൽനിന്ന് മാറ്റി സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ വാഷിങ്ടണിലെ ജോർജ്ടൗണിലുള്ള വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് മാറ്റിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും സുരക്ഷിത സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ട്രംപിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പൊതുപരിപാടികളും ഗണ്യമായി കുറച്ചു. ഇറാനുമായുള്ള ചർച്ചകളിൽനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ട്രംപ് ഒഴിവാക്കിയതായും ഇസ്രയേൽ ഹയോം റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായി കരാറിലെത്തുന്നതിന് വാൻസ് ശ്രമിച്ചുവരികയായിരുന്നു. എന്നാൽ, ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും അഴിമതിയും കുറ്റകൃത്യങ്ങളും നേരിടുന്നതിൽ പൂർണശ്രദ്ധ നൽകാൻ വാൻസിനോട് ആവശ്യപ്പെട്ടതായി ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കി.
ഇറാനുമായി ഇനി കരാറിന്റെ ആവശ്യമില്ലെന്നും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലാണെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വാൻസ് ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രയേൽ മുന്നറിയിപ്പ് നൽകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി മുന്നറിയിപ്പുകൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് ഓഗസ്റ്റ് 14-ന് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഈ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ജൂലൈയിൽ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ലഭിച്ച മുന്നറിയിപ്പാണ് ഇതിൽ ഏറ്റവും ഗൗരവമേറിയത്. എയർഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുന്നതിനിടെ തോളിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ ഉപയോഗിച്ച് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്നായിരുന്നു ഇസ്രയേലിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇത്തരമൊരു ഭീഷണിക്ക് തെളിവില്ലെന്നായിരുന്നു തുർക്കി അധികൃതരുടെ പ്രതികരണം. മുൻകരുതലിന്റെ ഭാഗമായി തുർക്കിയിൽനിന്നുള്ള മടക്കയാത്രയിൽ ട്രംപിന്റെ വിമാനം മാറ്റിയതുൾപ്പെടെയുള്ള സുരക്ഷാ നടപടികൾ വൈറ്റ് ഹൗസും സീക്രട്ട് സർവീസും സ്വീകരിച്ചിരുന്നു.
Israel warned US of possible attack on Donald Trump using drones carrying explosives: Report










