യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്കിടയിലും ഇറാന്റെ കൈവശം 2,500 വരെ മിസൈലുകൾ; യുദ്ധം പുനരാരംഭിച്ചാൽ തിരിച്ചടിക്കാനാകുമെന്ന് റിപ്പോർട്ട്

അമേരിക്കയുടെയും ഇസ്രയേലിന്റെയും മാസങ്ങൾ നീണ്ട ആക്രമണങ്ങൾക്കിടയിലും ഇറാന്റെ കൈവശം 1,500 മുതൽ 2,500 വരെ മിസൈലുകളുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. യുദ്ധം വീണ്ടും തുടങ്ങിയാൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും സഖ്യകക്ഷികളെയും ലക്ഷ്യമിടാൻ ഇറാന് ശേഷിയുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വിക്ഷേപണത്തിന് തയ്യാറായ മിസൈലുകളുടെയും സംഭരണത്തിലുള്ളവയുടെയും കൃത്യമായ എണ്ണം വ്യക്തമല്ലാത്തതിനാൽ കണക്കിൽ അനിശ്ചിതത്വമുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇറാന്റെ കൈവശം 1,500-ലധികം ബാലിസ്റ്റിക് മിസൈലുകളുണ്ടെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെയും വിലയിരുത്തൽ. ഏറ്റവും കുറഞ്ഞ കണക്കായ 1,500 മിസൈലുകൾ പോലും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ശേഖരത്തിന്റെ പകുതിയിലധികം ഇറാൻ പുനഃസ്ഥാപിച്ചുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രതിരോധ വകുപ്പിൽ പ്രവർത്തിച്ച സിമോൺ ലീഡീൻ പറഞ്ഞു. 2025 ജൂണിലെ 12 ദിവസം നീണ്ട യുദ്ധത്തിനും ഈ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ ഏറ്റുമുട്ടലിനും ഇടയിൽ ഇറാൻ ആയുധശേഖരം പൂർണമായി പുനർനിർമിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

ഇറാന്റെ സൈനിക ശേഷി ഏതാണ്ട് പൂർണമായും തകർത്തുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട്. ഇറാന്റെ പ്രതിരോധ വ്യവസായ അടിത്തറയുടെ 85 ശതമാനത്തിലധികം തകർത്തതായും മിസൈൽ ശേഖരവും ഉൽപ്പാദന ശേഷിയും ഇല്ലാതാക്കിയതായും വൈറ്റ് ഹൗസ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, യുദ്ധത്തിന് മുമ്പ് സംഭരിച്ചുവച്ച ഘടകങ്ങൾ ഉപയോഗിച്ച് ഇറാൻ മിസൈൽ ശേഖരം പുനർ നിർമിക്കുകയാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നത്.

യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ കുറഞ്ഞ വേഗത്തിലാണ് ഉൽപ്പാദനമെങ്കിലും ഡ്രോണുകളുടെയും ഹ്രസ്വദൂര മിസൈലുകളുടെയും വലിയ ശേഖരം ഇറാന്റെ കൈവശമുണ്ട്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയ്ക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുണ്ട്. ആക്രമണങ്ങളിൽ അമേരിക്കൻ സൈനിക ആസ്തികൾക്ക് നാശനഷ്ടമുണ്ടായതിനെത്തുടർന്ന് ചിലത് കൂടുതൽ സുരക്ഷിതമെന്ന് കരുതുന്ന ഇസ്രയേലിലേക്ക് മാറ്റിയതായും റിപ്പോർട്ടിലുണ്ട്. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ കൃത്യമായ കണക്ക് കണ്ടെത്തുക പ്രയാസമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സൈനിക ശേഷിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന ഇറാൻ, ഭൂഗർഭ സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിച്ച ഘടകങ്ങൾ ഉപയോഗിച്ച് കൂടുതൽ മിസൈലുകൾ നിർമിക്കാനും സാധ്യതയുണ്ട്. ഇറാൻ വീണ്ടും ആയുധങ്ങൾ ശേഖരിക്കുകയും സൈനിക ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ സമ്മതിച്ചു. മറ്റൊരു വലിയ ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പിലാണ് ഇറാനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാനും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും പ്രകോപനമുണ്ടാക്കാത്ത പക്ഷം പുതിയ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

സൗദി അറേബ്യയും തുർക്കിയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സമ്പൂർണ യുദ്ധം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉപരോധങ്ങളും അമേരിക്കയുടെ നാവിക ഉപരോധവും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ഇതിനകം ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ നിലപാട്. എനിക്ക് ഇത് ഉടൻ അവസാനിപ്പിക്കാനാകും. എന്നാൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് കുറച്ചുകൂടി സമയമെടുത്ത് മുന്നോട്ടുപോകുകയാണെന്നാണ് ട്രംപിൻ്റെ പ്രതികരണം.

Iran has up to 2,500 missiles despite US-Israel strikes, can target Washington allies if war resumes: Report

More Stories from this section

family-dental
witywide