വാഷിങ്ടൺ: ഹെയ്തിയിലെയും സിറിയയിലെയും ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് വർഷങ്ങളായി അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ചിരുന്ന ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (ടി.പി.എസ്.) അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. 6-3 ഭൂരിപക്ഷ വിധിയിലൂടെയാണ് ഹെയ്തിയിൽ നിന്നുള്ള 3.5 ലക്ഷം പേരുടെയും സിറിയയിൽ നിന്നുള്ള 6,100 പേരുടെയും ടി.പി.എസ്. റദ്ദാക്കുന്നതിന് കോടതി വഴിയൊരുക്കിയത്.
യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതിദുരന്തം തുടങ്ങിയ സാഹചര്യങ്ങൾ മൂലം സ്വന്തം രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയാത്തവർക്ക് അമേരിക്ക നൽകുന്ന പ്രത്യേക സംരക്ഷണമാണ് ടി.പി.എസ്. ഈ പദവിയുള്ളവർക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നതോടൊപ്പം, കുടിയേറ്റ പദവിയുടെ പേരിൽ നാടുകടത്താനോ തടങ്കലിലാക്കാനോ സാധിക്കില്ല.
ഹെയ്തിയിൽ 2010-ലെ ഭൂകമ്പത്തെ തുടർന്നും സിറിയയിൽ 2012-ൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനെ തുടർന്നുമാണ് അമേരിക്ക ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ടി.പി.എസ്. അനുവദിച്ചത്. സർക്കാരിന്റെ ടി.പി.എസ്. റദ്ദാക്കൽ തീരുമാനം തടഞ്ഞിരുന്ന ഫെഡറൽ കോടതികളുടെ ഉത്തരവുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. ടി.പി.എസ്. സംബന്ധിച്ച നിയമം സർക്കാർ തീരുമാനങ്ങൾ കോടതികൾ പുനഃപരിശോധിക്കുന്നത് അനുവദിക്കുന്നില്ലെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് സാമുവൽ അലിറ്റോ വ്യക്തമാക്കി. ഹെയ്തിയൻ കുടിയേറ്റക്കാർ ഉന്നയിച്ച വംശീയ വിവേചന ആരോപണത്തിനും മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ സുപ്രീം കോടതിയിലെ മൂന്ന് ലിബറൽ ജഡ്ജിമാർ വിധിയോട് വിയോജിച്ചു. ജസ്റ്റിസ് എലീന കാഗൻ, ടി.പി.എസ്. പിൻവലിക്കാനുള്ള തീരുമാനം വംശീയ പ്രേരിതമാണെന്ന് അഭിപ്രായപ്പെട്ടു. ഹെയ്തിയൻ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിൽ വംശീയതയുടെ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തമാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെയ്തിയൻ കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ പിടികൂടി ഭക്ഷിക്കുന്നുവെന്ന അടക്കമുള്ള അടിസ്ഥാനരഹിത ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു.
വിധിക്കെതിരെ പ്രതികരിച്ച പബ്ലിക് റൈറ്റ്സ് പ്രോജക്ട് സി.ഇ.ഒ. ജിൽ ഹാബിഗ്, “ഇന്നത്തെ തീരുമാനം ലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുന്നതാണ്. കുടുംബങ്ങൾ വേർപിരിയും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും, അക്രമവും അസ്ഥിരതയും നേരിടുന്ന രാജ്യങ്ങളിലേക്ക് ആളുകളെ നിർബന്ധിതമായി തിരിച്ചയക്കേണ്ടിവരും,” എന്ന് പ്രതികരിച്ചു.
അഭയാർഥി അപേക്ഷയിലും ട്രംപിന് അനുകൂല വിധി
കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി അനുകൂല വിധി നൽകി. അമേരിക്ക-മെക്സിക്കോ അതിർത്തിയിലെത്തുന്ന കുടിയേറ്റക്കാർ അമേരിക്കൻ മണ്ണിൽ കാലുകുത്തിയ ശേഷമേ അഭയാർഥി പദവിക്കായി അപേക്ഷിക്കാൻ അർഹരാകൂവെന്ന് കോടതി വ്യക്തമാക്കി.
“മെക്സിക്കോയിൽ നിൽക്കുമ്പോൾ അമേരിക്കയിലെത്തിയെന്ന് പറയാനാകില്ല,” എന്ന് ജസ്റ്റിസ് സാമുവൽ അലിറ്റോ വിധിന്യായത്തിൽ വ്യക്തമാക്കി.
2021-ൽ ജോ ബൈഡൻ ഭരണകൂടം റദ്ദാക്കിയ, അഭയാർഥി അപേക്ഷകളുടെ എണ്ണം നിയന്ത്രിക്കുന്ന 2016-ലെ ‘മീറ്ററിംഗ്’ നയം പുനഃസ്ഥാപിക്കാനും ഈ വിധിയിലൂടെ ട്രംപ് ഭരണകൂടത്തിന് അവസരം ലഭിച്ചു.
US Supreme Court allows Trump to end protected status for Haitian and Syrian immigrants











